mehandi new

തിരഞ്ഞെടുപ്പ് ചരിത്രം – പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചും ഗുരുവായൂര്‍ മണ്ഡലം

fairy tale

07-03-16 gvr electionചാവക്കാട്: പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചുമുള്ള ചരിത്രമാണ് ഗുരുവായൂരിന്റേത്. തോല്‍പ്പിച്ചവരെ വീണ്ടും വീണ്ടും തെരഞ്ഞെടുത്തും തുടര്‍ച്ചയായി വിജയരഥമേറിയവരെ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചും പരിചയമുള്ളവരാണ് ഗുരുവായൂരിലെ വോട്ടര്‍മാര്‍.

planet fashion

ആദ്യകാലത്ത് ചാവക്കാട് ഉള്‍പ്പെടുന്ന തീരമേഖല അണ്ടത്തോട് നിയോജകമണ്ഡലത്തിലായിരുന്നു. അണ്ടത്തോട് മുതല്‍ മണപ്പുറം വരെയുള്ള മേഖലയായിരുന്നു ഈ മണ്ഡലത്തിന് കീഴില്‍ ഉള്‍പ്പെട്ടിരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴിലായിരുന്ന ഈ പ്രദേശം പഴയ പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു.

കേരളപ്പിറവിക്കുശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ലീഗിനെയും അണ്ടത്തോട് മണ്ഡലം മാറി മാറി പരീക്ഷിച്ചപ്പോള്‍, ഗുരുവായൂര്‍ മണ്ഡലം കമ്മ്യൂണിസ്റ്റ് സ്വതന്ത്രനെയും കോണ്ഗ്രസ് സ്ഥാനാര്‍ഥിയെയും പ്രതിനിധികളായി നിയമസഭയിലെത്തിച്ചു.

പ്രഥമ നിയമസഭയിലെ ഗുരുവായൂരിന്റെ പ്രതിനിധികള്‍

1957 ല്‍ നടന്ന ആദ്യ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അണ്ടത്തോട് മണ്ഡലം സി.പി.ഐ പ്രതിനിധിയായ കൊളാടി ഗോവിന്ദന്‍കുട്ടി മേനോനെയും ഗുരുവായൂര്‍ മണ്ഡലം കൂളിയാട്ട് കോരു എന്ന സി .പി.ഐ സ്വതന്ത്രനായ പി.കെ കോരു മാഷെയുമായിരുന്നു പ്രഥമ നിയമസഭയിലെ പ്രതിനിധികളായി തിരഞ്ഞെടുത്തത്. ചാവക്കാട്ടെ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളിലൊരാളും ഡി.സി.സി പ്രസിഡണ്ടുമായിരുന്ന എം.വി അബൂബക്കര്‍ സാഹിബിനെ പരാജയപ്പെടുത്തിയാണ് ബിരുദാനന്തര ബിരുദധാരിയും എഴുത്തുകാരനുമായിരുന്ന കോരു നിയമസഭയിലെത്തിയത്.

ബി.വി സീതി തങ്ങളും കെ.ജി കരുണാകരമേനോനും

1960ലെ വിമോചനസമരവും, ഇ.എം.എസ്. മന്ത്രിസഭയെ പ്രധാനമന്ത്രി നെഹ്‌റു ഡിസ്മിസ് ചെയ്തതിനെയും തുടര്‍ന്ന് പ്രസിഡന്റ് ഭരണത്തിലായ കേരളത്തില്‍ 1960 ഫെബ്രുവരി ഒന്നിന് നടന്ന രണ്ടാം തിരഞ്ഞെടുപ്പില്‍ കൊണ്ഗ്രസ്സും മുസ്ലിം ലീഗ് സഖ്യമാണ് മത്സരിച്ചത്. അണ്ടത്തോട് മണ്ഡലത്തില്‍ മുസ്ലിം ലീഗ് നേതാവായിരുന്ന ബി.വി സീതി തങ്ങള്‍ വിജയിച്ചു. ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്നും കൊണ്ഗ്രസിന്റെ കെ.ജി കരുണാകരമേനോന്‍ നിയമസഭയിലെത്തി. കമ്യൂണിസ്റ്റ് ചിന്തകനും ഗ്രന്ഥകാരനുമായ കെ. ദാമോദരനാണ് അന്ന് പരാജയപ്പെട്ടത്. പിന്നീട് അണ്ടത്തോട് മണ്ഡലത്തെ ഗുരുവായൂരിനോട് കൂട്ടിച്ചേര്‍ത്തു.

കൊണ്ഗ്രസ്സിലും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേരിതിരിവ്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കൊണ്ഗ്രസ്സും പിളരുകയും കോണ്ഗ്രസ് നേതൃത്വത്തിലുള്ള ആര്‍ ശങ്കര്‍ മന്ത്രി സഭക്കെതിരെയുള്ള അവിശ്വാസം പാസാവുകയും ചെയ്തതിനെ തുടര്‍ന്ന് 1965ല്‍ കേരളത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടന്നു. ശങ്കര്‍ മന്ത്രിസഭയ്ക്ക് എതിരെ അവിശ്വാസം പാസാകുന്നതിനു മുന്പുതന്നെ കൊണ്ഗ്രസ്സിലും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യിലും ചേരിതിരിവ് ആരംഭിച്ചിരുന്നു. അഖിലേന്ത്യാതലത്തില്‍ പിളര്‍ന്ന സി പി ഐ യില്‍ നിന്നും പുറത്താക്കിയവര്‍ കൊല്‍ക്കത്തയില്‍ യോഗം ചേര്‍ന്ന് സി പി ഐ എം രൂപീകരിച്ചു. കേരളത്തില്‍ കോണ്ഗ്രസ് പിളരുകയും കേരളാ കോണ്ഗ്രസ് രൂപംകൊള്ളുകയും ചെയ്തു.

അണ്ടത്തോട് മണ്ഡലം ഗുരുവായൂരിനോട് കൂട്ടി ചേര്‍ക്കുന്നു

അണ്ടത്തോട് മണ്ഡലം ഗുരുവായൂരിനോട് കൂട്ടിചേര്‍ത്തതിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണ് 1965ലെ മൂന്നാം നിയമസഭാ തെരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ എം.വി അബൂബക്കര്‍ സാഹിബ് വീണ്ടും മത്സരിക്കാനെത്തിയപ്പോള്‍ സി.പി.ഐ സ്വതന്ത്രനായ പി.കെ അബ്ദുല്‍ മജീദാണ് മണ്ഡലത്തില്‍ വെന്നിക്കൊടി പാറിച്ചത്.

കമ്മ്യൂണിസ്റ്റ് ലീഗ് സഖ്യം

65ലെ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കേരളം പ്രസിടന്റ്റ് ഭരണത്തിനു കീഴിലായി. തുടര്‍ന്ന് 67ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി പി എം, സി പി ഐ, ലീഗ് എന്നിവരുള്‍പ്പെട്ട സപ്തകക്ഷി മുന്നണി നിലവില്‍ വന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയില്‍ 67ല്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി ബി വി സീതി തങ്ങള്‍ മത്സരിച്ചു വിജയിച്ചു.

ലീഗ് ഐക്യമുന്നണിയില്‍

പിന്നീട് 70ല്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസ്, സി പി ഐ, ലീഗ്, പി.എസ്.പി, ആര്‍ .എസ്.പി. ഉള്‍പ്പെടെയുള്ള ഐക്യമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച ബി വി സീതി തങ്ങള്‍ കര്‍ഷക തൊഴിലാളി പാര്‍ട്ടി ( കെ ടി പി ) നേതാവ് വര്‍ക്കി വടക്കനുമായി പരാജയപ്പെട്ടു.

17 വര്‍ഷം ഗുരുവായൂര്‍ ലീഗിന്റെ കൈകളില്‍

77ലും 80ലും ബി.വി സീതി തങ്ങള്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അഖിലേന്ത്യാ ലീഗിലെ വി.എം സുലൈമാനേയും സി.പി.എം നേതാവായിരുന്ന സി.കെ കുമാരനേയുമാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
തുടര്‍ന്നുള്ള 10 വര്‍ഷം മുസ്ലിംലീഗിലെ പി.കെ.കെ ബാവ തുടര്‍ച്ചയായി നിയമസഭയിലെത്തി. 91ല്‍ മുസ്ലിം ലീഗിലെ പി.എം അബൂബക്കര്‍ സാഹിബും വിജയം കണ്ടു. അഡ്വക്കറ്റ് കെ.കെ കമ്മുവായിരുന്നു പ്രതിയോഗി.

ബാബരി മസ്ജിദ് തകര്‍ച്ച ലീഗിന്റെയും

ബാബരി മസ്ജിദ് തകര്‍ച്ചയോടെ ലീഗ് രണ്ടായപ്പോള്‍ പി എം അബൂബക്കര്‍ ഐ.എന്‍.എല്ലിലേക്ക് മാറി. അദ്ദേഹം എം.എല്‍.എ പദവി രാജിവെച്ചതിനേ തുടര്‍ന്ന് 94ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്വതന്ത്രനായി സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദ് ലീഗിലെ അബ്ദുസമസദ് സമദാനിയെ പരാജയപ്പെടുത്തി. 96ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലും പി.ടി.കുഞ്ഞുമുഹമ്മദ് തന്നെ വിജയിച്ചപ്പോള്‍ ലീഗ് ജില്ലാ സെക്രട്ടറിയായിരുന്ന ആര്‍.പി മൊയ്തുട്ടിയായിരുന്നു എതിരാളി.

നേരത്തെ രണ്ടു വട്ടം എം.എല്‍.എയായിരുന്ന പി.കെ.കെ ബാവ എത്തിയാണ് 2001ല്‍ മണ്ഡലം തിരിച്ചു പിടിച്ചത്.

പിന്നീട് നടന്ന 2006 ലെയും 2011 ലെയും തിരഞ്ഞെടുപ്പുകളില്‍ സി പി എം മണ്ഡലത്തില്‍ വെന്നിക്കൊടി പാറിച്ചു. ലീഗ് ജില്ലാ പ്രസിഡണ്ടായ സി എച്ച് റഷീദിനേയും ലീഗ് സംസ്ഥാന കമ്മിറ്റിയംഗമായ അഷറഫ് കോക്കൂരിനേയും പരാജയപ്പെടുത്തിയാണ് കെ.വി അബ്ദുല്‍ ഖാദര്‍ പത്തുവര്‍ഷം ഗുരുവായൂരിന്റെ പ്രതിനിധിയായത്.

മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് പ്രതിഭയുടേയും പ്രാഗത്ഭ്യത്തിന്റേയും കരുത്തില്‍ മാത്രം വിജയിക്കാനാവില്ലെന്നത് ലളിതമായ സത്യമാണ്. ചരിത്രം ഏതു വഴിക്കും തിരിയാമെന്നത് ഗുരുവായൂരില്‍ അതിശയമുണ്ടാക്കില്ല.

2011ലെ വോട്ട് നില
ആകെ വോട്ട് – 178107
പോള്‍ ചെയ്തത്- 1,28.276
ശതമാനം -72.02
കെ.വി അബ്ദുല്‍ ഖാദര്‍ (സി.പി.എം) – 62,246
അഷറഫ് കോക്കൂര്‍ (മുസ്ലിം ലീഗ്) – 52,278
ദയാനന്ദന്‍ മാമ്പുള്ളി (ബി.ജെ.പി) – 9306
ഭൂരിപക്ഷം 9968

2016ലെ വോട്ടര്‍മാര്‍ 1,99,007 (ജനുവരി)

Jan oushadi muthuvatur

Comments are closed.