പൂട്ടിയിട്ട വീട്ടിൽ പട്ടിണിയിലായ നായകൾക്ക് നാട്ടുകാർ തുണയായി

പുന്നയൂർക്കുളം: ഉടമസ്ഥ വീടുപൂട്ടി പോയതിനെ തുടർന്ന് പട്ടിണിയിലായ വളർത്തു നായകൾക്ക് നാട്ടുകാരുടെ കാരുണ്യം. അണ്ടത്തോട് തങ്ങൾപടി 310 റോഡിലാണ് സംഭവം. വിശന്നു വലഞ്ഞ നായകൾ കുരച്ചു ബഹളം വച്ചപ്പോഴാണ് വീട്ടിൽ ആളില്ലെന്നു മനസിലായത്. 4 ദിവസമായി വീട്ടുടമയായ യുവതി വീടുപൂട്ടി പോയിട്ട്. വിവരം അറിയിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗം പി.എസ്. അലിയും നാട്ടുകാരും സ്ഥലത്ത് എത്തിയെങ്കിലും ഗേറ്റ് പൂട്ടിയതിനാൽ നായകളുടെ അടുത്തേക്ക് പ്രവേശിക്കാനായില്ല. വടക്കേക്കാട് സിഐ എം.കെ. രമേഷിനെ വിവരം അറിയിക്കുകയും. സിഐയുടെ നിർദ്ദേശത്തെ തുടർന്ന് വടക്കേക്കാട് എസ്ഐ ബിന്ദുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. തുടർന്ന് നാട്ടുകാർ മതിൽക്കെട്ട് ചാടിക്കടന്ന് നായ്ക്കൾക്ക് ചോറും ബിസ്കറ്റും വെള്ളവും നൽകി. 2 നായകളാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഒരെണ്ണം മതിൽക്കെട്ടി നകത്ത് അഴിച്ചുവിട്ട നിലയിലും മറ്റൊന്ന് കൂട്ടിലും ആയിരുന്നു. രണ്ടും അവശ നിലയിലായിരുന്നു.

എന്നാൽ വീട്ടുടമ സബിത ഭർത്താവിന്റെയും പോക്സോ കേസിൽ പ്രതികളായ ബന്ധുക്കളുടെയും ആക്രമണത്തിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചിലിത്സയിലായിരുന്നുവെന്നാണ് പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച്ച രാത്രി പെരിയമ്പലത്ത് വെച്ചായിരുന്നു ആക്രമണമുണ്ടായത്. 12 കാരനായ മകൻ സായൂജ് കൃഷ്‌ണനോടൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന സബിതയെ വഴിയിൽ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ചതായി പറയുന്നു. വടക്കേകാട് പോലീസ് എത്തിയാണ് ഇവരെ ആദ്യം പുന്നയൂർക്കുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചതെന്ന് ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ സബിത പറഞ്ഞു. സബിതയും ഭർത്താവ് ചന്ദ്രജിത്തും അകന്നാണ് കഴിയുന്നത്.

Comments are closed.