ചാവക്കാട് : ജപ്തിചെയ്ത ടൂറിസ്റ്റ് ബസ് ലേലത്തിനെടുക്കാന്‍ ആളില്ലാതെ താലൂക്ക് ഓഫീസ് അങ്കണത്തില്‍ തുരുമ്പെടുക്കുന്നു. ബാങ്കില്‍ നിന്നും വായ്പയെടുത്തത് തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഏഴാം തിയ്യതി  ബസ് ജപ്തി ചെയ്തത്. പുന്നയൂര്‍കുളം സ്വദേശിയാണ് എസ് ബി ഐ ഗുരുവായൂര്‍ ശാഖയില്‍ നിന്നും വായ്പയെടുത്ത്  ടൂറിസ്റ്റ് ബസ് വാങ്ങിയത്. മൂന്നു തവണ റവന്യൂ അധിക്യതര്‍ ലേലം നടത്തിയെങ്കിലും നിശ്ചിത സംഖ്യക്ക് ഏറ്റെടുക്കാന്‍ ആളില്ലാതായതോടെ ലേലനടപടികള്‍ നിറുത്തിവെച്ചിരിക്കുകയാണ്. 18 ലക്ഷം രൂപയാണ് ആദ്യം ബസിന് അധികൃതര്‍ വിലകെട്ടിയത്. പിന്നീടത് പലതവണ കുറച്ച് 11 ലക്ഷം രൂപയാക്കി.  ഇന്നലെ നടന്ന ലേലനടപടിയില്‍ ഈ വിലക്കും ആരും ഏറ്റെടുക്കാന്‍ തയ്യാറായില്ല. വില വീണ്ടും കുറയുമെന്ന പ്രതീക്ഷയിലാണ് ആരും മുന്നോട്ടു വരാത്തതെന്നാണ്  സൂചന. എന്നാല്‍ ലേലനടപടി ഉപേക്ഷിച്ച് ബസ് പൊളിച്ചു വില്‍ക്കുന്നതടക്കമുള്ള തുടര്‍ നടപടികളിലേക്ക് തങ്ങള്‍ കടക്കുകയാണെന്ന് റവന്യൂ ഉദ്യോസ്ഥര്‍ വ്യക്തമാക്കി. 2014 മോഡല്‍ ടാറ്റ ബസാണ് ജപ്തി ചെയ്ത് പുതിയ ഉടമയേയും കാത്ത് കിടക്കുന്നത്.  ബസ് ലേലത്തിലെടുക്കുന്നവര്‍ക്ക്  ജപ്തി ചെയ്ത ദിവസം മുതലുള്ള ടാക്‌സ് ഒഴിവാക്കികൊടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കാറുകള്‍, ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയ വാഹനങ്ങളും ലേലത്തിനായി താലൂക്ക് ഓഫീസ് അങ്കണത്തില്‍ കാത്തുകിടപ്പുണ്ട്.