അനധികൃത മത്സ്യബന്ധനം 3 ബോട്ടുകൾ പിടിച്ചെടുത്ത് ഏഴര ലക്ഷം പിഴ ചുമത്തി

ചേറ്റുവ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമം മൂലം നിരോധിച്ച കണ്ണി വലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മ്മെൻ്റ് സംഘം. എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ മന്നം സ്വദേശി അയ്യാലിൽ വീട്ടിൽ അബ്ദുല്ല മകൻ ബഷീറിൻ്റെ ഉടമസ്ഥതയിലുള്ള രമേഷ് എന്ന ബോട്ടും, മുനമ്പം പള്ളിപ്പുറം സ്വദേശി ആറുക്കാട്ടിൽ വീട്ടിൽ പ്രകാശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ദർശനം ബോട്ടും, എറണാകുളം ജില്ലയിൽ ചെറായി ദേശത്ത് തച്ചേരി വീട്ടിൽ ഷൈജുവിൻ്റെ ഉടമസ്ഥതയിലുള്ള കെയ്റ ബോട്ടുമാണ് പിടിച്ചെടുത്തുത്. ചേറ്റുവ ഹാർബറിലെ പരമ്പരാഗത മത്സ്യതൊഴിലാളികൾ നൽകിയ പരാതിയിൽ അഴീക്കോട് ഫഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ സി സീമയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണം സംഘം ആഴക്കടലിലും തീരക്കടലിലും ഹാർബറുകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി കണ്ണി വലുപ്പം കുറഞ്ഞ വല ഉപയോഗിച്ചായിരുന്നു അനധികൃത മീൻപിടുത്തം നടത്തിയിരുന്നത്.

നിയമനടപടികൾ പുർത്തിയാക്കി ബോട്ടുകളിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച ഒരു ലക്ഷത്തി രണ്ടായിരത്തി മുന്നൂറ് രുപ സർക്കാരിലേക്ക് കണ്ടുകെട്ടി. അനധികൃത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിന് ഓരോ ബോട്ടിനും രണ്ടു ലക്ഷത്തി അമ്പതിനായിരം രൂപ പിഴ ചുമത്തി. ഭക്ഷ്യയോഗ്യമല്ലാത്ത അയ്യായിരം കിലോ മത്സ്യം ഫിഷറീസ് അധികൃതരുടെ സാനിധ്യത്തിൽ കടലിൽ ഒഴുക്കി കളഞ്ഞു.
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആൻ്റ് വിജിലൻസ് വിങ്ങ് ഉദ്യേഗസ്ഥരായ വി. എം ഷൈബു, വി. എൻ പ്രശാന്ത് കുമാർ, ഇ ആർ ഷിനിൽകുമാർ, മെക്കാനിക് ജയചന്ദ്രൻ, സീ റെസ്ക്യൂ ഗാർഡ്മാരായ ഫസൽ, വിപിൻ, ഡ്രൈവർ അഷറഫ് പഴങ്ങാട്ട് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Comments are closed.