16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 39 വർഷം കഠിന തടവും 2,40,000 രൂപ പിഴയും

ചാവക്കാട് : 16 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ ലൈംഗിക പീഢനത്തിന് ഇരയാക്കിയ കേസിൽ 24 വയസ്സുകാരന് 39 വർഷം കഠിന തടവും 2,40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 21 മാസം കൂടി അധികതടവ് അനുഭവിക്കണം. പ്രതിയിൽ നിന്നും പിഴ ഈടാക്കുന്ന പക്ഷം പിഴത്തുക അതിജീവിതക്ക് നൽകാനും കോടതി വിധിച്ചു. മതിലകം മാങ്ങാലി പറമ്പിൽ റിൻഷാദ്(24) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

2022 ഡിസംബർ 14 നാണ് കേസിനാസ്പദമായ ലൈംഗിക പീഡനം നടന്നത്. ഇൻസ്റ്റഗ്രാമിലേക്ക് മോശം മെസ്സേജുകൾ അയച്ചും നിരന്തരം നിർബന്ധിച്ചുമാണ് അതിജീവിതയെ അർദ്ധരാത്രി താമസസ്ഥലത്ത് നിന്നും പുറത്തേക്ക് വരുത്തിച്ച് ലൈംഗിക പീഡനം നടത്തിയത്. ചാവക്കാട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വക്കേറ്റ് നിഷ സി എന്നിവർ ഹാജരായി.

Comments are closed.