ചിറകു മുളക്കുന്നത്എല്‍ ഡി എഫ് പ്രകടനപത്രികയിലെ വാഗ്ദാനം 

ചാവക്കാട്: കനോലി കനാലിനു കുറുകെ കോട്ടപ്പുറം – പുന്ന ചിങ്ങനാത്ത് പാലത്തിനു സമീപം ഗതാഗത യോഗ്യമായ വലിയപാലം വരുന്നു. പൊന്നാനി ചാവക്കാട് ദേശീയപാത പതിനേഴില്‍ല്‍നിന്ന് കുന്നംകുളം-ചാവക്കാട് നഗരം എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന ചിങ്ങനാത്ത് പാലം വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന രീതിയില്‍ പുതുക്കിപ്പണിയണമെന്നത് നാട്ടുകാരുടെ നീണ്ട നാളുകളായുള്ള ആവശ്യമാണ്. നിലവില്‍ ദേശീയപാതയില്‍ ചാവക്കാട് ഭാഗത്തേക്ക് വരാന്‍ കനോലികനാലിന് കുറുകെ ചെറുപാലങ്ങള്‍ പലതുണ്ടെങ്കിലും വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന പാലങ്ങളോ റോഡോ ഇല്ലാത്തത് പോരായ്മയാണ്. ദേശീയപാതയില്‍നിന്ന് ചാവക്കാട് ഭാഗത്തേക്ക് എളുപ്പത്തിലെത്താന്‍ കനോലികനാലിന് കുറുകെ പാലം നിര്‍മ്മിക്കുന്നതിനും അപ്രോച്ച് റോഡിനുമായി 40 കോടി രൂപ വകയിരുത്തിയതായി കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അറിയിച്ചു.
ഇവിടെ പാലം വരുന്നതോടെ ചാവക്കാട് ടൌണില്‍ പ്രവേശിക്കാതെ തന്നെ കുന്നംകുളം ഗുരുവായൂര്‍ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയും. ചാവക്കാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആസ്പത്രിയിലേക്ക് ദേശീയപാതയിലൂടെ വരുന്നവര്‍ക്കും ഈ വഴി എളുപ്പമാവും.കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) ഉള്‍പ്പെടുത്തിയായിരിക്കും പദ്ധതി നടപ്പാക്കുക.
കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ചിങ്ങനാത്ത് പാലം ഗതാഗതയോഗ്യമാക്കുമെന്നത് ചാവക്കാട്‌ മുന്‍സിപ്പാലിറ്റി എല്‍ ഡി എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.
മുനക്കക്കടവ്, ചേറ്റുവ ഹാര്‍ബറുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. മുനക്കടവ് ഹാര്‍ബറില്‍ വാര്‍ഫിന്റെ വിപുലീകരണത്തിനും ചേറ്റുവയില്‍ ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനത്തിനുമാണ് തുക വകയിരുത്തിയത്. ചാവക്കാട് ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടത്തിനും തുക വകയിരുത്തിയതായി എം.എല്‍.എ. പറഞ്ഞു.