കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച റിയാസ്

കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച റിയാസ്

കുവൈറ്റ് /ചാവക്കാട് : ചാവക്കാട് എടക്കഴിയൂർ സ്വദേശി റിയാസ് അയ്യത്തേയിൽ (32)നെയാണ് കുവൈറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുവൈറ്റ് അഹമദിയയിലെ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു റിയാസ്. റിയാസ് കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തുവെന്നാണ് സ്പോണ്സര്‍ പോലീസിനു നല്‍കിയ മൊഴി. എന്നാല്‍ ഇരുമ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു വെന്നാണ് സുഹൃത്ത് നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടുകാരുമായി ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ് നാട്ടിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു റിയാസ്. മൃതദേഹം ഫോറൻസിക്ക് പരിശോദനകൾക്കായി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംശയകരമായ മരണത്തെതുടര്‍ന്ന് കുവൈറ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
എടക്കഴിയൂര്‍ സിങ്കപ്പൂര്‍ പാലസിന് പടിഞ്ഞാറ് കടപ്പുറം പള്ളിക്ക് സമീപമാണ് റിയാസിന്‍റെ കുടുംബം താമസിക്കുന്നത്.  റിയാസിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് ബന്ധുക്കള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നോര്‍ക്ക തുടങ്ങിയവര്‍ക്ക് പരാതി കൈമാറിയതായി അറിയിച്ചിട്ടുണ്ട്.