ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തിനെ ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി ഉയര്‍ത്തിയ എല്‍ഡിഎഫ് ഭരണസമിതിയെ സിപിഐ ഒരുമനയൂര്‍ ലോക്കല്‍ കമ്മറ്റി അഭിനന്ദിച്ചു. 2015-16 വര്‍ഷത്തിലെ ജില്ലയിലെ രണ്ടാമത്തെ പഞ്ചായത്തായി ഒരുമനയൂര്‍ പഞ്ചായത്തിനെ ഉയര്‍ത്തിയ ഇടതുമുന്നണി ഭരണസമിതിയെ നയിച്ച  ഇ ടി ഫിലോമിന ടീച്ചറെ യോഗത്തില്‍ പ്രത്യേകം അഭിനന്ദിച്ചു. ഇവര്‍ പ്രസിഡണ്ടായി എല്‍ഡിഎഫ് ഭരിച്ച ആറ് മാസ കാലയളവിലാണ് ഏറ്റവും കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കിയതെന്നും പദ്ധതി വിഹിതത്തിന്റെ കൂടുതല്‍ പങ്കും ചിലവഴിച്ചതെന്നും യോഗം വിലയിരുത്തി. ആര്‍സിസിയുമായി സഹകരിച്ച് സൗജന്യ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ്, നിര്‍ദ്ദനരും മാരക രോഗങ്ങള്‍ക്ക് അടിമപ്പെട്ടവരുമായവര്‍ക്ക് ചികിത്സാ ചിലവ് നല്‍കുന്ന സാന്ത്വനം പദ്ധതി, മാവേലി സ്റ്റോര്‍ ആരംഭിക്കല്‍,എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥാപിച്ചു. എല്ലാ പട്ടികജാതി കുടുംബങ്ങള്‍ക്കും കുടിവെള്ള ടാങ്ക് വിതരണം, മൂന്നാംകല്ല് പാലത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍, എയുപി സ്‌കുളില്‍ ടോയ്‌ലറ്റ് കോംപ്ലക്‌സ്, 12-ാം വാര്‍ഡില്‍ അംഗന്‍വാടിക്ക് ഭൂമിയും അതില്‍ എംപി ഫണ്ട് ഉപയോഗിച്ച് കെട്ടിടവും ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് ഈ കാലഘട്ടത്തില്‍ ഫിലോമിന ടീച്ചറുടെ നേതൃത്വത്തിലുള്ള ഭരണസമിതി നടപ്പിലാക്കിയത്. എന്നാല്‍ ഇത്തരത്തിലുള്ള  എല്‍ഡിഎഫ് ഭരണ നേട്ടത്തിന്റെ പേരിലാണ് യുഡിഎഫ് ഭരണസമിതിക്ക് ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ അവസരം ലഭിച്ചതെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ പി കെ മനോജ് അദ്ധ്യക്ഷത വഹിച്ചു.  മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍, ലോക്കല്‍ സെക്രട്ടറി ഇ കെ ജോസ്, കെ എ രാജു, കെ വി കബീര്‍, കെ വി രാജേഷ്, ഇ ഡി ജോര്‍ജ്ജ്, രാജന്‍ എന്നിവര്‍ സംസാരിച്ചു.