ഉയരെ ജില്ലാതല ജെൻഡർ ക്യാമ്പയിൻ ഉദ്ഘാടനം നാളെ ചാവക്കാട് ബീച്ചിൽ

ചാവക്കാട്: കുടുംബശ്രീ ജില്ലാ മിഷൻ തൃശ്ശൂർ ഉയരെ ജില്ലാതല ജെൻഡർ ക്യാമ്പയിൻ ഉദ്ഘാടനം ജനുവരി 1 ന് വൈകീട്ട് 6 മണിക്ക് ചാവക്കാട് ബീച്ചിൽ. സാമൂഹ്യ നീതി – ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. വിഷൻ 2031-ന്റെ ഭാഗമായി കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തൊട്ടാകെ കുടുംബശ്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ക്യാമ്പയിനാണ് ഉയരെ – ഉയരട്ടെ കേരളം വളരട്ടെ പങ്കാളിത്തം’ എന്ന ജെൻഡർ ക്യാമ്പയിൻ. ദേശീയ ജെൻഡർ ക്യാമ്പയിനായ ‘നയീ ചേതന 4.0’-യുമായി സംയോജിപ്പിച്ചാണ് ഇത് നടപ്പിലാക്കുന്നത്.

സ്ത്രീകളിൽ സംരംഭകത്വം വളർത്തുക. ദാരിദ്ര്യ നിർമ്മാർജ്ജനം സാധ്യമാക്കുക, വേതനാധിഷ്‌ഠിത തൊഴിലുകൾക്ക് മുൻഗണന നൽകി സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുക എന്നിവ ഇതിന്റെ ഭാഗമാണ്. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവും മാനസികവുമായ ഉന്നമനം ലക്ഷ്യമിട്ട്, അവർക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളും തുല്യനീതിയും ഉറപ്പാക്കാൻ ഒരുക്കുന്ന സമഗ്രമായ പദ്ധതിയാണ് ഉയരെ. പൊതു ഇടങ്ങളിൽ ജൻഡർ പ്രതിജ്ഞ ലിംഗാധിഷ്‌ഠിത അതിക്രമങ്ങൾക്കെതിരെയുള്ള പ്രചരണം, ലിംഗസമത്വം ഉറപ്പാക്കാൽ എന്നിവയ്ക്കായി ടോക്ക് ഷോ, പോസ്റ്റർ ക്യാമ്പയിൻ, അവബോധ ക്ലാസുകൾ, പരിശീലനങ്ങൾ എന്നിവ ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Comments are closed.