40 വർഷങ്ങളുടെ സംഗീത യാത്ര മോഹൻ സിത്താരയ്ക്ക് ജന്മനാടിന്റെ ആദരം

പാവറട്ടി : കാലം മാറിയാലും ഹൃദയങ്ങളിൽ പതിഞ്ഞുനില്‍ക്കുന്ന അനേകം ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത് സ്വന്തമായൊരു ഇടം ഉറപ്പിച്ച സംഗീത സംവിധായകനാണ് മോഹൻ സിത്താര. പാവറട്ടിക്കടുത്ത പെരുവല്ലൂരിന്റെ മണ്ണിൽ നിന്ന് ഉദിച്ചുയർന്ന് നാൽപ്പത് വർഷങ്ങളുടെ സംഗീതയാത്ര പൂർത്തിയാക്കിയ ഈ കലാകാരന് ജന്മനാടിന്റെ സ്നേഹാദരം ലഭിച്ച നിമിഷങ്ങളായിരുന്നു വിദ്യാവിഹാർ ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷ വേദിയി സാക്ഷ്യം വഹിച്ചത്. സംഗീതത്തിന്റെ ലാളിത്യവും ആത്മാർത്ഥതയും ചേർത്തൊരു ശൈലി മോഹൻ സിത്താരയുടെ പ്രത്യേകതയായി മാറി. മലയാള സിനിമയ്ക്ക് പുറമെ മറ്റു ഇന്ത്യൻ ഭാഷകളിലും അദ്ദേഹം ഒരുക്കിയ ഗാനങ്ങള്‍ സംഗീതപ്രേമികളുടെ മനസ്സില്‍ ഇടം നേടി.

കാലഘട്ടങ്ങൾ മാറുമ്പോഴും തന്റെ സംഗീതം കാലാതീതമായി നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞതിന്റെ തെളിവായിരുന്നു ഈ ആദരിക്കൽ ചടങ്ങ്. വിദ്യാവിഹാർ ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അനുമോദന ചടങ്ങിന് അഡ്വ.സുജിത് അയിനിപ്പുള്ളി അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ അഡ്വ. കെ. വി. മോഹനകൃഷ്ണൻ ‘വിദ്യാരക്ഷിത് 2K26’ പുരസ്ക്കാരം മോഹനൻ സിത്താരയ്ക്ക് സമർപ്പിച്ചു. നിറഞ്ഞ കൈയ്യടികളോടെയായിരുന്നു വേദി സംഗീതപ്രതിഭയെ വരവേറ്റത്. വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിൽ തിരിച്ചെത്തി ആദരവേറ്റ് വാങ്ങിയത് തനിക്ക് പ്രത്യേക അനുഭൂതി നല്‍കിയെന്ന് മോഹൻ സിതാര പറഞ്ഞു.
ചടങ്ങിൽ പ്രശസ്ത സിനിമാ സംവിധായകൻ ദേവരാജൻ മൂക്കോല, ക്ലബ് എഫ്.എം.സീനിയർ പ്രൊഡ്യൂസർ ആർ. ജെ. സിംല മേനോൻ, സാഹിത്യകാരൻ റാഫി നീലാങ്കാവിൽ, കരുണ ഫൗണ്ടേഷന് ചെയര്മാൻ കെ. ബി. സുരേഷ്, സിനിമാതാരം ബിജേഷ് അവണൂർ, മാധ്യമ പ്രവർത്തകൻ രാജേഷ് മേനോൻ, സംഗീത സംവിധായകൻ ബിനോയ് എസ്. പ്രസാദ്, പിന്നണി ഗായകൻ സനോജ് പെരുവല്ലൂർ , ഗുരുവായൂർ റോട്ടറി ക്ലബ് ഓഫ് ഹെറിറ്റേജ് പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ രംഗങ്ങളിൽ നിന്നുള്ള പ്രമുഖർ അദ്ദേഹത്തിന്റെ സംഗീത സംഭാവനകളെ സ്നേഹപൂർവ്വം ഓർമ്മിച്ചു. അനുമോദനത്തിനുശേഷം അരങ്ങേറിയ കലാപരിപാടികളും സംഗീത സന്ധ്യയും ചടങ്ങിനെ കൂടുതൽ സ്മരണീയമാക്കി.
സംഗീതം, ഓർമ്മകൾ , അനുഭവങ്ങൾ എന്നിവ ചേർന്ന് പാവറട്ടിയുടെ സംഗീത ചരിത്രത്തിലൊരു മനോഹര അധ്യായമായി മാറി. വിദ്യാവിഹാർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ ഉഷാ നന്ദകുമാർ അക്കാദമിക് ഡയറക്ടർ ശോഭമേനോൻ, ജെതിൻ അശോകൻ എന്നിവരാണ് പരിപാടികളുടെ മുഖ്യ സംഘാടകർ.

Comments are closed.