പള്ളി ദീപാലങ്കൃതമായി – മണത്തല നേർച്ചക്ക് നാളെ തുടക്കം

ചാവക്കാട് : നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ് കുട്ടി മൂപ്പരുടെ 238 മത് ചന്ദനക്കുടം നേർച്ചക്ക് നാളെ തുടക്കം. ഇന്ന് മണത്തല പള്ളിയിൽ അസർ നമസ്കാരാനന്തരം നടന്ന പ്രത്യേക പ്രാർഥനകൾക്ക് ഖത്തീബ് കമറുദ്ധീൻ ബാദുഷ തങ്ങൾ, അബ്ദുൽ ലത്തീഫ് ഹൈതമി, ഇസ്മായിൽ അൻവരി, അബ്ദുസമദ് ഫൈസി എന്നിവർ നേതൃത്വം നൽകി. തുടർന്ന് ശീർനി വിതരണവും അന്നദാനവും നടന്നു. സന്ധ്യയോടെ (മഗ്‌രിബ് നമസ്കാരത്തിനു ശേഷം) പള്ളി അലങ്കരിച്ച വൈദ്യുതി ദീപങ്ങൾ സ്വിച്ച് ഓൺ ചെയ്തു.

ജനുവരി 28, 29 ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് ആഘോഷങ്ങൾ നടക്കുന്നത്. നാളെ രാവിലെ ഒൻപതു മണിക്ക് ചാവക്കാട് ടൗണിൽ നിന്നും ആദ്യ കാഴ്ച്ച പുറപ്പെടും. ആദ്യ ദിനമായ ബുധനാഴ്ച്ച നാല് കാഴ്ചകളാണ് ഉള്ളത്. മണത്തല വോൾഗ നഗറിൽ നിന്നും പുറപ്പെടുന്ന വോൾഗ കാഴ്ച, ബ്ളാങ്ങാട് വൈലിയിൽ നിന്നുള്ള ഓഫ് റോഡ് കാഴ്ച, അയിനിപ്പുള്ളിയിൽ നിന്നും പുറപ്പെടുന്ന പവർ ഫെസ്റ്റ്, ചാവക്കാട് ബസ്സ്റ്റാണ്ടിൽ നിന്നും ചങ്ക്‌സ് എന്നിവയാണ് ആദ്യ ദിനത്തിലെ രാത്രി കാഴ്ചകൾ.
പ്രധാന ദിനമായ വ്യാഴാഴ്ച രാവിലെ ചാവക്കാട് നഗരത്തിൽ നിന്നും താബൂത്ത് കാഴ്ച പുറപ്പെടും. പുതുക്കി പണിത്താ അലങ്കരിച്ച ബൂത്ത് ജാറത്തിൽ പുനസ്ഥാപിക്കും. തൊട്ടു പിന്നാലെ ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൊടിയേറ്റ കാഴ്ചകൾ ജാറം അംഗണത്തിൽ എത്തിച്ചേരും. വ്യാഴാഴ്ച രാത്രി 15 കാഴ്ചകളാണ് ഉണ്ടാവുക. വഞ്ചിക്കടവിൽ നിന്നുള്ള വിസ്മയ കാഴ്ച, തേക്കഞ്ചേരിയിൽ നിന്നുള്ള ശാന്തി പീപ്പിൾ, സ്കിൽ 555 ഫെസ്റ്റ്, സ്പാർക് കാഴ്ച, ബേബി റോഡ് ഷാഫി നഗറിൽ നിന്നും നന്മ ഫെസ്റ്റ്, മണത്തല പള്ളിതാഴം റോഡീസ്, തിരുവത്ര ചീണിച്ചുവട് ക്രെസെന്റ് ഫെസ്റ്റ്, പരപ്പിൽത്താഴം ടൈറ്റാൻസ്, ചാവക്കാട് ബസ് സ്റ്റാൻഡിൽ നിന്നും മഹാ കാഴ്ച, ബ്ലാങ്ങാട് ബീച്ചിൽ നിന്നും മിറാകിൾസ്, എച്ച് എം സി, കോളനിപ്പടി മഹാത്മ ഫെസ്റ്റ്, ബ്ലാങ്ങാട് വൈലി സികാഡ, ബേബി റോഡിൽ നിന്നും ജൂബിലി, കോട്ടപ്പുറത്ത് നിന്നും കോട്ടപ്പുറം ഫെസ്റ്റ് എന്നീ കാഴ്ചകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഗതാഗത നിയന്ത്രണം:
ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ മണത്തല നേർച്ചയോടനുബന്ധിച്ച് 28.01.2025 തീയതി വൈകീട്ട് 05.00 മണി മുതൽ 29.01.2026 തീയതി പുലർച്ചെ 02.30 മണി വരെയും 29.01.2025 തീയതി വൈകീട്ട് 05.00 മണി മുതൽ 30.01.2026 തീയതി പുലർച്ചെ 04.00 മണി വരെയും പൊന്നാനി ഭാഗത്തു നിന്നും ചാവക്കാട് ഭാഗത്തേയ്ക്ക് നാഷ്ണൽ ഹൈവേ വഴി വരുന്ന ട്രെയിലർ, കണ്ടൈനർ ലോറി പോലുള്ള വലിയ വാഹനങ്ങളും ചരക്കു വാഹനങ്ങളും പൊന്നാനിയിൽ നിന്നും ചങ്ങരംകുളം-കുന്നംകുളം-ചാവക്കാട് വഴിയും മറ്റു വാഹനങ്ങൾ പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പാലപ്പെട്ടി എന്ന സ്ഥലത്തു നിന്നും കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും പൊന്നാനി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മമ്മിയൂർ-ആനക്കോട്ട-വടക്കേകാട്-പെരുമ്പടപ്പ് വഴിയോ കുന്നംകുളം-ചങ്ങരംകുളം വഴിയോ തിരിച്ചു വിടേണ്ടതാണെന്ന് ചാവക്കാട് ഇൻസ്പെക്ടർ അറിയിച്ചു.

Comments are closed.