ചാവക്കാട് സൈക്കിൾ ക്ലബ്ബിൽ ഭിന്നത: ‘കോസ്റ്റൽ സൈക്ലിംഗ് ക്ലബ്ബ്’ രൂപീകരിച്ചു

ചാവക്കാട്: കേരളത്തിലെ അറിയപ്പെടുന്ന സൈക്ലിംഗ് കൂട്ടായ്മയായ ചാവക്കാട് സൈക്കിൾ ക്ലബ്ബിൽ (CCC) ഭിന്നത രൂക്ഷം. നിലവിലുള്ള നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ഒരു വിഭാഗം പ്രവർത്തകർ ചേർന്ന് കോസ്റ്റൽ സൈക്ലിംഗ് ക്ലബ്ബ്’ (CCC) എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചു.കഴിഞ്ഞ ഫെബ്രുവരിയിൽ ചാവക്കാട് ബീച്ചിൽ നടന്ന കോസ്റ്റൽ മാരത്തോണുമായി ബന്ധപ്പെട്ടാണ് ക്ലബ്ബിൽ പ്രശ്നങ്ങൾ രൂക്ഷമായത്.പ്രസിഡന്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക ഭാരവാഹികളോട് ആലോചിക്കാതെ ക്ലബ്ബിന്റെ പേരും ലോഗോയും മാരത്തോൺ പ്രചാരണത്തിന് ഉപയോഗിച്ചുവെന്നതാണ് തർക്കത്തിന് കാരണമായത്. എന്നാൽ വർഷങ്ങളായി സൈക്കിൾ ക്ലബ്ബിന്റെ യോഗങ്ങൾ ചേരാറില്ലെന്നും പ്രവർത്തനങ്ങൾ നിശ്ചലമാണെന്നും ഒരു വിഭാഗം തിരിച്ചടിച്ചു.പ്രശ്നം രൂക്ഷമായതോടെ ചാവക്കാട് പോലീസ് സ്റ്റേഷനിൽ വരെ പരാതികൾ എത്തുകയുണ്ടായി. ഈ തർക്കങ്ങൾക്കൊടുവിലാണ് പുതിയ ക്ലബ്ബ് രൂപീകരിക്കാൻ ഒരു വിഭാഗം തീരുമാനിച്ചത്.തൃശൂർ ജില്ലാ ആസ്ഥാനമായാണ് കോസ്റ്റൽ സൈക്ലിംഗ് ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. സൈക്ലിംഗിലൂടെയും മറ്റ് കായിക വിനോദങ്ങളിലൂടെയും ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികളായ വി.എം. മുനീർ (പ്രസിഡന്റ്), സി.എം. സുബൈർ (സെക്രട്ടറി), എൻ.കെ. ശംസുദ്ധീൻ (ട്രഷറർ) അറിയിച്ചു.കോസ്റ്റൽ സൈക്ലിംഗ് ക്ലബ്ബിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചാവക്കാട് ബീച്ച് പാർക്കിൽ വെച്ച് നടന്നു. കേരളത്തിലെ മറ്റ് കായിക ക്ലബ്ബുകളുമായി സഹകരിച്ച് വിപുലമായ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.


Comments are closed.