നോർവേ വീണു – ഇംഗ്ലണ്ട് സെമിയിലേക്ക്

സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ടിന്റെ നോർവെയെ വീഴ്ത്തി ഇംഗ്ലണ്ട് 2026 ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ആവേശം എക്സ്ട്രാ ടൈമിലേക്ക് നീണ്ട രണ്ടാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് നോർവ നിരയെ തകർത്തത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ഇംഗ്ലീഷ് പടയുടെ തകർപ്പൻ തിരിച്ചുവരവ്. ഇരട്ട ഗോളുകളുമായി തിളങ്ങിയ യുവതാരം ജൂഡ് ബെലിങ്ങാമാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പി. 2018-ലെ റഷ്യൻ ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിലെത്തുന്നത്. ഇംഗ്ലീഷ് ചരിത്രത്തിലെ നാലാമത്തെ ലോകകപ്പ് സെമി പ്രവേശനമാണിത്.മത്സരത്തിന്റെ തുടക്കത്തിൽ നോർവേയാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ സാന്നിധ്യത്തിൽ കരുത്താർജ്ജിച്ച നോർവേയ്ക്കായി 36-ാം മിനിറ്റിൽ ആൻന്ദ്രെ ഷെൽഡറപ് ആദ്യ ഗോൾ നേടി. ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് നൽകിയ മനോഹരമായ അസിസ്റ്റിൽ നിന്നായിരുന്നു ഷെൽഡറപ് ഇംഗ്ലീഷ് വല കുലുക്കിയത്. ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച ഇംഗ്ലണ്ട് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സ്കോർ നില തുല്യമാക്കി. ജൂഡ് ബെലിങ്ഹാമിന്റെ തകർപ്പൻ ഷോട്ടാണ് ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചത്. തൊട്ടടുത്ത നിമിഷം ക്യാപ്റ്റൻ ഹാരി കെയ്ൻ വീണ്ടും നോർവേ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതോടെ ഇംഗ്ലണ്ടിന് ലീഡ് നേടാനായില്ല.രണ്ടാം പകുതിയിലും ഇരുടീമുകളും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. 52-ാം മിനിറ്റിൽ നോർവെയുടെ ടോർബോൺ ഹെഗ്ഗെം ഇംഗ്ലീഷ് വല ചലിപ്പിച്ചെങ്കിലും, ബോക്സിനുള്ളിൽ ഇംഗ്ലീഷ് താരത്തെ ഹാളണ്ട് ഫൗൾ ചെയ്തതിനാൽ റഫറി ഗോൾ നിഷേധിച്ചു. കളിയുടെ അവസാന നിമിഷങ്ങളിൽ നോർവേ താരം ക്രിസ്റ്റഫർ അയർ തൊടുത്ത ഹെഡ്ഡർ ഇംഗ്ലീഷ് ക്രോസ് ബാറിൽ തട്ടിത്തെറിച്ചതും നോർവെയ്ക്ക് നിർഭാഗ്യമായി.നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് വിജയമുറപ്പിച്ച ലീഡ് നേടി. മോർഗൻ റോജേഴ്സ് ഉതിർത്ത ഷോട്ട് നോർവേ ഗോൾകീപ്പർ ഓർജാൻ നൈലാൻഡ് തടുത്തിട്ടെങ്കിലും, റീബൗണ്ടിൽ പന്ത് പിടിച്ചെടുത്ത ജൂഡ് ബെലിങ്ഹാം അനായാസം ഗോൾ വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിൽ പിന്നീട് ഗോൾ മടക്കാൻ നോർവേ കിണഞ്ഞു ശ്രമിച്ചെങ്കിലും ഇംഗ്ലീഷ് പ്രതിരോധം കാത്തുസൂക്ഷിച്ചു. ഈ വിജയത്തോടെ ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തപ്പോൾ, കന്നി സെമി സ്വപ്നം കണ്ടിറങ്ങിയ നോർവേ പോരാട്ടം അവസാനിപ്പിച്ചു മടങ്ങി.



Comments are closed.