mehandi banner desktop
Chavakkad online

ഗുരുവായൂരിൽ കിണറ്റിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി; ഒരാൾ പോലീസ് കസ്റ്റഡിയിൽ

Ft

​ഗുരുവായൂർ: ഗുരുവായൂരിൽ വാടകവീട്ടിലെ കിണറ്റിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. ചേലക്കര സ്വദേശി സന്താനവല്ലി (65) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഏകദേശം മൂന്ന് ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് പുറത്തെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇവർ താമസിച്ചിരുന്ന വാടകവീട്ടിലെ അന്തേവാസിയും പെരുമ്പാവൂർ സ്വദേശിയുമായ സുരേഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Jan oushadi

​ഗുരുവായൂർ ടൗൺ ജുമാമസ്‌ജിദ് റോഡ് കർണംകോട് റെയിൽവേഗേറ്റിനു സമീപമുള്ള വാടകവീട്ടിലെ കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. സുരേഷ് കുമാർ സുഹൃത്തുമായി മദ്യപിക്കുന്നതിനിടെ നടത്തിയ വെളിപ്പെടുത്തലാണ് വഴിത്തിരിവായത്. ഒരാളെ വകവരുത്തി കിണറ്റിൽ തള്ളിയിട്ടുണ്ടെന്ന് സുരേഷ് കുമാർ മദ്യലഹരിയിൽ സുഹൃത്തിനോട് പറയുകയായിരുന്നു. തുടർന്ന് സുഹൃത്ത് വിവരം പോലീസിൽ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

​കൊല്ലപ്പെട്ട സന്താനവല്ലിയെ ഇയാൾ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും വിശദമായ അന്വേഷണത്തിനും ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

Comments are closed.