കുത്തിവെപ്പിന് പിന്നാലെ ഏഴുവയസ്സുകാരന്റെ കാൽ തളർന്ന സംഭവം: മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു

ചാവക്കാട്: താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് ചികിത്സ തേടിയെത്തിയ ഏഴുവയസ്സുകാരന് കുത്തിവെപ്പിനെ തുടർന്ന് കാൽ തളർന്ന സംഭവത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. തുടർനടപടികൾക്കായി തൃശൂർ എൽ.എസ്.ജി.ഡി ഡിസ്ട്രിക്ട് ജോയിന്റ് ഡയറക്ടർ വിഷയം ചാവക്കാട് നഗരസഭാ ഓഫീസിലേക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു.2026 ഡിസംബർ ഒന്നിന് വൈകീട്ട് ആറോടെയാണ് സംഭവം. കടുത്ത തലവേദനയെ തുടർന്ന് പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയെ മാതാവ് ഹിബ താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിൽ എത്തിക്കുകയായിരുന്നു. പരിശോധിച്ച ഡ്യൂട്ടി ഡോക്ടർ വേദനക്കും ഛർദിക്കുമായി രണ്ട് ഇൻജക്ഷനുകൾ കുറിച്ച് നൽകി. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പുരുഷ നഴ്സ് കുട്ടിയെ ഇൻജക്ഷൻ റൂമിലേക്ക് കൊണ്ടുപോയി ആദ്യം കൈയിൽ കുത്തിവെപ്പ് നൽകി. ഇതോടെ കൈയിൽ നീരുവന്ന് വീർത്തു.പിന്നീട് അരക്കെട്ടിന്റെ പിൻഭാഗത്ത് കുത്തിവെക്കാൻ ശ്രമിച്ചപ്പോൾ ഭയന്ന കുട്ടി വിസമ്മതിച്ചു. ഇതിൽ അക്ഷമനായ നഴ്സ് മരുന്ന് നിറച്ച സിറിഞ്ച് ബെഡിലേക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി. കുട്ടിയുടെ മാതാവ് പിന്നാലെ ചെന്ന് ക്ഷമാപണത്തോടെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നഴ്സ് തിരിച്ചെത്തിയത്. എന്നാൽ, കടുത്ത ദേഷ്യത്തോടെയും അശ്രദ്ധയോടെയും സിറിഞ്ചെടുത്ത് ആഞ്ഞ് കുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കുത്തിവെപ്പ് എടുത്തയുടൻ കുട്ടിയുടെ കാൽ തറയിൽ ഉറപ്പിച്ചുനിർത്താൻ സാധിക്കാതെയാവുകയും ഇടതുകാൽ പൂർണമായും വേദനയെടുത്ത് തളരുകയും ചെയ്തു.ഇക്കാര്യം അപ്പോൾത്തന്നെ ഡ്യൂട്ടി ഡോക്ടറെ ധരിപ്പിച്ചെങ്കിലും സംഭവം നിസ്സാരമായി കണ്ട് കൈയിൽ പുരട്ടാൻ ഓയിന്റ്മെന്റ് മാത്രം നൽകി മടക്കി അയക്കുകയായിരുന്നുവെന്നാണ് പരാതി. മാസങ്ങൾ കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയോ കുട്ടിയുടെ ചികിത്സാച്ചെലവോ നഷ്ടപരിഹാരമോ നൽകുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.




Comments are closed.