
കടപ്പുറം : ഇസ്ലാമിക ചുറ്റുപാടിൽ നിന്ന് കൊണ്ട് സമസ്ത മേഖലകളിലും തിളക്കമാർന്ന വിജയം കൈവരിച്ച ചരിത്രമാണ് മുസ്ലിം സ്ത്രീകൾക്കുള്ളതെന്ന് പ്രമുഖ പണ്ഡിതനും വാഫി-വഫിയ്യ കോർഡിനേഷൻ ഡയറക്ടറുമായ പ്രൊഫ. അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി അഭിപ്രായപ്പെട്ടു. കടപ്പുറം തൊട്ടാപ്പ് ഫോക്കസ് ഇന്റർനാഷണൽ സ്കൂളിൽ ‘പ്രവാചകൻ ഏവർക്കും’ (Prophet for All) എന്ന പ്രമേയത്തിൽ കഴിഞ്ഞ ഒരു മാസമായി സംഘടിപ്പിച്ചു വന്ന ‘ഫോക്കസ് കോൺഫ്ലുവൻസ് – 26’ മീലാദ് കാമ്പയിന്റെ ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ-സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ തനതായ വ്യക്തിത്വം കാത്തുസൂക്ഷിച്ചു മുന്നേറാൻ സ്ത്രീകൾക്ക് ഇസ്ലാം നൽകുന്ന ആത്മവിശ്വാസം വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഇഖ്റഅ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഹാഫിസ് അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി സ്കൂളിന്റെ നവീകരിച്ച അത്യാധുനിക ലൈബ്രറിയുടെ സമർപ്പണവും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളായ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. പിടിഎ ജനറൽ ബോഡി യോഗവും നടന്നു.
ചടങ്ങിൽ ഇഖ്റഅ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽ സലാം ഹാജി, ടി.ഐ.സി.ടി ജനറൽ സെക്രട്ടറി കരീം ഹാജി, പിടിഎ പ്രസിഡന്റ് സൈദ് മുഹമ്മദ്, ഡോ. അബ്ദുൽ ജലീൽ വാഫി, ഷമീം വാഫി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഷഫീഖ് വാഫി സ്വാഗതവും വൈസ് പ്രിൻസിപ്പൽ ജിജി ഇ.ജി. കൃതജ്ഞതയും രേഖപ്പെടുത്തി. രക്ഷാകർത്താക്കളും അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ വൻ സദസ്സ് ചടങ്ങിൽ പങ്കെടുത്തു.



Comments are closed.