തൊഴുത്തിന് തീപിടിച്ച് പശുക്കിടാവ് ചത്തു; രക്ഷാപ്രവർത്തനത്തിനിടെ ഉടമയ്ക്കും മകനും ഗുരുതര പൊള്ളൽ, നാല് പശുക്കൾക്ക് പരുക്ക്

വെങ്കിടങ്ങ്: വീടിനോട് ചേർന്നുള്ള തൊഴുത്തിന് തീപിടിച്ച് പശുക്കിടാവ് വെന്തുമരിച്ചു. നാല് പശുക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു. തീ അണയ്ക്കാനും കന്നുകാലികളെ രക്ഷിക്കാനും ശ്രമിക്കുന്നതിനിടെ ഉടമയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. വെങ്കിടങ്ങ് മനയ്ക്കൽ കടവ് സ്വദേശി അപ്പനാത്ത് സുരേന്ദ്രൻ, മകൻ ജിത്തു എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും ഉടൻ തന്നെ ഫയർഫോഴ്സ് വാഹനത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവസമയത്ത് നാല് വലിയ പശുക്കളും ഒരു കിടാവും തൊഴുത്തിലുണ്ടായിരുന്നു. തൊഴുത്ത് പൂർണമായും കത്തിനശിച്ചതോടെ പശുക്കിടാവ് തീയിൽപ്പെട്ട് ചത്തു. മറ്റു നാല് പശുക്കൾക്കും ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി സുരേന്ദ്രൻ പറഞ്ഞു. തൊഴുത്തിലേക്കുള്ള ഇലക്ട്രിക് വയറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടിലെ തീപ്പൊരി സമീപത്തുണ്ടായിരുന്ന ഉണങ്ങിയ ചകിരി, വിറക്, ഫോം ബെഡ് എന്നിവയിലേക്ക് പടർന്നുപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയാണ് തീ പൂർണമായും അണച്ചത്. സ്റ്റേഷൻ ഓഫീസർ എസ്.ഡി. സജിത് ലാലിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ജിയാജി കെ. ബാബു, ഫയർ & റെസ്ക്യൂ ഓഫീസർമാരായ സമീർ, മുകുന്ദൻ, സഞ്ജയ് സനൽ, പ്രജിത്ത്, ഫസലുദീൻ, ഡ്രൈവർമാരായ ബിനോദ്, ആനന്ദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.




Comments are closed.