മുതുവട്ടൂർ–പാലയൂർ റോഡിലെ ബസ്സുകളുടെ അമിതവേഗവും റൂട്ട് തെറ്റിക്കലും: അടിയന്തിര നടപടി ആവശ്യപ്പെട്ട് കൗൺസിലർമാർ

ചാവക്കാട്: മുതുവട്ടൂർ–പാലയൂർ റോഡിലൂടെ റൂട്ട് തെറ്റിച്ചെത്തി അമിതവേഗതയിൽ പായുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് ആർടിഒ രമേഷ് എം.-ന് നഗരസഭാ കൗൺസിലർമാർ പരാതി നൽകി. ചാവക്കാട് നഗരസഭ 9-ാം വാർഡ് കൗൺസിലർ ഷെർമിള സത്താറും 12-ാം വാർഡ് കൗൺസിലർ ജോയ്സി ടീച്ചറുമാണ് സംയുക്തമായി പരാതി സമർപ്പിച്ചത്.ഈ വഴിയിലൂടെ ബസ്സുകൾ റൂട്ട് മാറി അമിതവേഗതയിൽ സർവീസ് നടത്തുന്നത് പതിവാണെന്നും, ഇത് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മൂക്തി സ്കൂൾ, പാലയൂർ സെന്റ് തോമസ് സ്കൂൾ, സമീപത്തെ മദ്രസകൾ എന്നിവ ഉൾപ്പെടുന്ന ഈ മേഖലയിൽ നൂറുകണക്കിന് വിദ്യാർത്ഥികളും കാൽനടയാത്രക്കാരുമാണ് ദിവസേന സഞ്ചരിക്കുന്നത്. അനിയന്ത്രിതമായ വേഗത്തിൽ പായുന്ന ബസ്സുകൾ കാരണം കാൽനടയാത്രക്കാരും സ്കൂൾ കുട്ടികളും വലിയ ഭീതിയിലാണ് റോഡിലിറങ്ങുന്നത്.വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തി, അടിയന്തരമായി പരിശോധനകൾ കർശനമാക്കണമെന്നും റൂട്ട് ലംഘനത്തിനും മത്സരയോട്ടത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.




Comments are closed.