mehandi banner desktop
Chavakkad online

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുഖച്ഛായ മാറ്റാൻ കർമ്മ പദ്ധതി ഒരുങ്ങുന്നു

Ft

എരമംഗലം: അക്കാദമിക് രംഗത്തും കലാ, കായിക മേഖലയിലും വിദ്യാർത്ഥികളെ ഉയർത്തികൊണ്ടു വരുന്നതിലൂടെ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുഖച്ഛായ മാറ്റാൻ കർമ്മ പദ്ധതി ഒരുങ്ങുന്നു. സ്കൂൾ പി.ടി.എ., എസ്.എം.സി., എം.പി.ടി.എ. സംയുക്ത യോഗത്തിലാണ് കർമ്മ പദ്ധതിക്ക് രൂപം നൽകാൻ തീരുമാനമായത്. പഠന രംഗത്ത് പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകി പഠന മികവ് ഉയർത്തും. കലാ, കായിക മേഖലയിൽ പ്രതിഭകളായ വിദ്യാർഥികൾക്ക് പരിശീലനം നൽകും. ഫുട്ബോൾ, ക്രിക്കറ്റ്, ഖൊ ഖൊ, ഷട്ടിൽ ബാഡ്മിന്റൺ തുടങ്ങിയ മത്സരങ്ങൾക്ക് പ്രത്യേക പരിശീലനം നൽകും. ഇതിനായി വിദ്യാലയത്തിൽ സ്ഥിരം കായിക അധ്യാപകന്റെ നിയമനം വേഗത്തിലാക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രിയെ നേരിൽകണ്ടു നിവേദനം ഇതിനോടകം നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സ്കൂൾ അച്ചടക്ക സമിതി പുനഃസംഘടിപ്പിക്കും. വിദ്യാലയത്തിന്റെ സുഖമമായ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ ഉൾപ്പെടുന്ന അച്ചടക്ക സമിതി എല്ലാമാസവും യോഗം ചേരും. വിദ്യാർത്ഥികളിൽ റാഗിംഗ് പോലെയുള്ള ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായാൽ പോലീസ് സഹായം ഉറപ്പാക്കും. സ്കൂൾ പരിസരം ലഹരിമുക്തമാക്കും. ഇതിനായി എക്സൈസ്, പോലീസ് എന്നിവരുടെ സഹകരണം ഉറപ്പാക്കും. സ്കൂളും പരിസരവും ഭിന്നശേഷി സൗഹൃദവും ആകർഷവുമാക്കുനമാതിനും തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സംസ്ഥാന, കേന്ദ്ര സർക്കാർ എന്നിവരുടെ സഹകരണം ഉറപ്പാക്കും. സ്കൂളിന്റെ മുഖച്ഛായ മാറ്റം പദ്ധതിയുമായി ബന്ധപ്പെട്ട പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ, പ്രദേശത്തെ യുവജന സംഘടനകൾ, ക്ലബുകൾ, നാട്ടുകാർ തുടങ്ങിയവരുടെ പൂർണ സഹകരണം ഉറപ്പാക്കും. അക്കാദമിക് മികവ് കൂടുതൽ ഉയർത്താൻ യു.എസ്.എസ്. ഉൾപ്പെടെയുള്ള സ്കോളർഷിപ്പ് പരീക്ഷകൾക്കും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും. ഇതിനായി അക്കാദമിക് രംഗത്തുള്ളവരുടെ സൗജന്യ സേവനം ഉപയോഗപ്പെടുത്തും. വിദ്യാർത്ഥികളുടെ മാനസിക, ശാരീരിക ഉല്ലാസത്തിനായി സൈക്കോളജി വിദഗ്ധരുടെയും സ്കൂൾ കൗൺസിലർ മാരുടെയും സേവനം ഉപയോഗപ്പെടുത്തും. വിദ്യാലയത്തിലെ അച്ചടക്കവും വിദ്യാർത്ഥികളുടെ പഠന നിലവാരവും ഉയർത്തുന്നതിനായി രക്ഷിതാക്കൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും. കർമ്മ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കും. വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന രക്ഷാകർതൃ സമിതി യോഗം വെളിയങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത പുല്ലുണി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട് അധ്യക്ഷനായി. പ്രിൻസിപ്പൽ നൂർമുഹമ്മദ്‌, പ്രഥമാധ്യാപിക രാധിക, എസ്.എം.സി. ചെയർമാൻ ടി. ഗിരിവാസൻ, എം.പി.ടി.എ. പ്രസിഡന്റ് പി. പ്രിയ, പി.ടി.എ. വൈസ് പ്രസിഡന്റ് ഫൗസിയ, അധ്യാപകരായ ജയശ്രീ, അഫ്സൽ, ജയൻ തുടങ്ങിയവർ പ്രസംഗിച്ചു

Jan oushadi

Comments are closed.