mehandi banner desktop
Chavakkad online

വാടാനപ്പള്ളി കൊലപാതകത്തിന്റെ ക്രൂരതകൾ ഫോണിൽ പകർത്തി; മുഖ്യപ്രതി കുപ്രസിദ്ധ ഗുണ്ട ബിൻഷാദ്

Ft

വാടാനപ്പള്ളി: ഫസൽ നഗറിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി കുപ്രസിദ്ധ ഗുണ്ട ബിൻഷാദ്. 37-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളുമാണ് പടിയത്ത് വീട്ടിൽ ബിൻഷാദ്. വധശ്രമക്കേസിൽ ഏഴര വർഷം തടവുശിക്ഷ ലഭിച്ച ഇയാൾ ഹൈക്കോടതിയിൽ നിന്ന് അപ്പീൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത്.

Jan oushadi

വാടാനപ്പള്ളി ഫസൽ നഗർ ബീച്ച് സ്വദേശി ‘പോപ്പാണ്ടി സലാം’ എന്ന അബ്ദുൽസലാം (40) ആണ് ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വാടാനപ്പള്ളി റഹ്മത്ത് നഗർ സ്വദേശി മുഹമ്മദ് റാസിൽ എന്ന ബിലാൽ (18), 17 വയസ്സുള്ള രണ്ട് പേർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഒക്ടോബർ 7-ന് രാവിലെ ആറുമണിയോടെയാണ് ഫസൽ നഗറിലെ ആളൊഴിഞ്ഞ പറമ്പിൽ അബ്ദുൽസലാമിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും ക്ഷതങ്ങളും കണ്ടതിനെ തുടർന്ന് അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ നട്ടെല്ല്, വാരിയെല്ല്, അടിവയർ, നെഞ്ച് എന്നിവിടങ്ങളിലേറ്റ ഗുരുതര മർദ്ദനത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് വ്യക്തമായി.

കൊലപാതകത്തിന് തലേദിവസം രാത്രി ഫസൽ നഗർ ബീച്ചിലെ ആൾത്താമസമില്ലാത്ത വീട്ടിൽ അബ്ദുൽസലാം, കുപ്രസിദ്ധ ഗുണ്ടയായ ബിൻഷാദ് (37), ഇയാളുടെ മറ്റ് രണ്ട് കൂട്ടാളികൾ, രണ്ട് കൗമാരക്കാർ എന്നിവർ ഒത്തുചേർന്നിരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഒരു പ്രതിയും രണ്ട് കുട്ടികളും വലയിലായത്. ക്രൂരമായ കൊലപാതക ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. എന്നാൽ പിന്നീടത് ഡിലീറ്റ് ചെയ്തെങ്കിലും ഫോൺ കസ്റ്റഡിയിൽ എടുത്തിരുന്നതിനാൽ ഡെലീറ്റഡ് ദൃശ്യങ്ങൾ റിക്കവർ ചെയ്യാൻ നൽകിയതായി പോലീസ് പറഞ്ഞു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി രതീഷ് കുമാർ ആർ, വലപ്പാട് സി.ഐ പത്മരാജൻ പി.കെ, വാടാനപ്പള്ളി എസ്.എച്ച്.ഒ എസ്.ഐ ഉമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഒളിവിൽ പോയ മുഖ്യപ്രതി ബിൻഷാദിനും മറ്റ് കൂട്ടാളികൾക്കുമായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Comments are closed.