ചെമ്മീന്‍ സിനിമയുടെ സംവിധായകന്റെ സ്മരണയിൽ ചേറ്റുവയില്‍ സാംസ്കാരിക സമുച്ചയം ഉയരുന്നു
ചാവക്കാട് : മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ കലാകാരനായ രാമുകാര്യാട്ടിന് അദ്ദേഹത്തിന്റെ ജന്മനാടായ ചേറ്റുവയില്‍ സ്മാരക മന്ദിരം ഒരുങ്ങുന്നു.
മലയാള സിനിമയിൽ കേരളത്തിന്റെ തനതായ വ്യക്തിത്വമുള്ള, അല്ലെങ്കിൽ മണ്ണിന്റെ മണമുള്ള ചിത്രം സംവിധാനം ചെയ്ത് ലോകത്തിന് മുന്നിലേക്ക് എത്തിച്ച അതുല്യ കലാകാരനാണ് രാമുകാര്യാട്ട്. മലയാളികള്‍ ഇന്നും അഭിമാനത്തോടെ കാണുന്ന രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടിയ ദക്ഷിണേന്ത്യയിലെ ആദ്യ ചലചിത്രമായ ചെമ്മീന്‍ സിനിമയുടെ സംവിധായകന്‍ കൂടിയായ രാമു കാര്യാട്ടിനെ ജന്മനാട് ആദരിക്കുകയാണ്. ചേറ്റുവയില്‍ റവന്യൂ വകുപ്പ് അനുവദിച്ച 20 സെന്‍റ് സ്ഥലത്ത് രാമുകാര്യാട്ടിന്‍റെ നാമധേയത്തിലുള്ള സ്മാരക നിലയത്തിന്‍റെ ശിലാസ്ഥാപനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഡിസംബര്‍ 15 ന് ഞായറാഴ്ച വൈകീട്ട് 3 ന് നിർവഹിക്കും. ഗുരുവായൂര്‍ എം.എല്‍.എ ശ്രീ എന്‍.കെ അക്ബര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുള്‍ഖാദര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, സിനിമ – സാംസ്കാരിക മേഖലയിലെ പ്രമുഖര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ രാമുകാര്യാട്ട് സ്മാരക ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കും.
മുന്‍ ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുള്‍ഖാദറിന്‍റെ 2016-17 ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2 കോടി 90 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മാരകം നിര്‍മ്മിക്കുന്നത്. 7000 ലധികം സ്ക്വയര്‍ഫീറ്റില്‍ രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന സാംസ്കാരിക നിലയത്തില്‍ വായനശാല, ഓഡിറ്റോറിയം, ഓഫീസ്, ടോയ്ലറ്റ് സൌകര്യം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചേറ്റുവ പുഴയോരത്ത് റവന്യൂ വകുപ്പിന്‍റെ 20 സെന്‍റ് സ്ഥലം സ്മാരക നിര്‍മ്മാണത്തിനായി ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിന് പാട്ടത്തിന് അനുവദിച്ചുവെങ്കിലും സി.ആര്‍.സെഡ് നിയമപ്രകാരം പ്രസ്തുത സ്ഥലത്ത് സ്മാരകം നിര്‍മ്മിക്കുന്നതിന് സാധിക്കാതെ വരികയായിരുന്നു. തുടര്‍ന്ന് എന്‍.കെ അക്ബര്‍ എം.എല്‍.എ യുടെ ആവശ്യപ്രകാരം സി.ആര്‍.സെഡ് പരിധിക്ക് പുറത്ത് നാഷണല്‍ ഹൈവേക്ക് അഭിമുഖമായി റവന്യൂ വകുപ്പ് പുതിയതായി സ്ഥലം അനുവദിക്കുകയായിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്‍റെ ഡിസൈനിലും മേല്‍നോട്ടത്തിലുമാണ് സ്മാരക മന്ദിരം നിര്‍മ്മിക്കുന്നത്.
Comments are closed.