mehandi new

നല്ലൊരു മരം നല്ലൊരു ഫലം – ഇന്ന് അന്താരാഷ്ട്ര വനദിനം ചക്കക്ക് ഇത് കേരളത്തിന്റെ ഔദ്യോഗിക പഴമായതിന്റെ ആറാം വാർഷികം

fairy tale

നല്ലൊരു മരം നല്ലൊരു ഫലം. പ്ലാവിനെയും ചക്കയേയും കുറിച്ച് ചുരുക്കി പറയാൻ ഇതിലും നല്ലൊരു വാക്കില്ല. കൃഷിമന്ത്രിയായിരുന്ന വിഎസ്. സുനിൽകുമാർ, ചക്കപ്പഴത്തെ കേരളത്തിൻ്റെ ഔദ്ധ്യോഗിക ഫലമായി  പ്രഖ്യാപിച്ചത് 2018 ലെ മാർച്ച്‌ 21 ലോക വനദിനത്തിലായിരുന്നു. 

നമ്മുടെ നാട്ടിൽ ശരാശരി 50 കോടിയിലേറെ ചക്കപ്പഴം ഒരു വർഷം വിളയുന്നു എന്നാണ് കണക്ക്. എങ്കിലും കേവലം 3% ത്തിൽ താഴെ മാത്രമാണ് മലയാളിയുടെ ഉപഭോഗം. ഉപഭോക്തൃ ദൗർലഭ്യം മൂലവും ഉയരമേറിയ വൃക്ഷങ്ങളിൽ നിന്ന് പറിച്ചെടുക്കൽ ശ്രമകരമായതിനാലും മൂല്യവർദ്ധിതോൽപന്നത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാത്തതിനാലും കേരളീയർ പാഴാക്കുന്ന ഏക പഴവർഗ്ഗമാണ് ചക്ക. 

75% ത്തോളം ജലാംശമടങ്ങിയ ചക്കപ്പഴത്തിൽ കാർബോഹൈഡ്രേറ്റ്, ഫൈബർ, കൊഴുപ്പ്, മാംസ്യം, ജീവകം എ, സി, ബി6, ബി2, റിബോഫ്ലാവിൻ, ഫോളേറ്റ്, നിയാസിൻ, കാത്സ്യം, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക്, കോപ്പർ, മാംഗനീസ്, സെലീനിയം തുടങ്ങിയ ധാതുലവണങ്ങളും ഏറിയും കുറഞ്ഞു മടങ്ങിയിരിക്കുന്നു. ഫ്ലാവനോയ്ഡ്സും കരാേട്ടെനോയ്ഡുസും ധാരാളമായുണ്ട് ഈ പഴത്തിൽ. മറ്റുപഴങ്ങളിൽ കൊഴുപ്പിൻ്റെ അളവ് 1% ആണെങ്കിൽ ഇവയിൽ 3% ആണുള്ളത്.

ഗ്ലൈസീമിക്ക് ഇൻഡക്സ് കുറഞ്ഞ പഴമായതിനാലും പ്രോട്ടീൻ്റെ അളവ്, മാമ്പഴം, പേരയ്ക്ക, ആപ്പിൾ,മുതലായ പഴങ്ങളിലുള്ളതിനേക്കാൾ   ഇതിലുള്ളതിനാൽ ഇവ ആഹരിക്കുന്നതിലൂടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയരുന്നതിന് കാരണമാവുന്നില്ല. ഫൈബ൪കണ്ടന്റ് കൂടുതലുള്ളതിനാൽ ഭക്ഷണാസക്തി കുറച്ച് ശരീരഭാരം നിയന്ത്രിച്ചു നി൪ത്താൻ സഹായിക്കുകയുംചെയ്യുന്നു. പഴത്തിനകത്തുള്ള ഇതിൻ്റെ കുരു വളരെയേറെ പോഷക ഗുണങ്ങളുള്ളതും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉതകുന്നവയുമാണ്. ഇളംപ്രായത്തിലുള്ള ഫലം (ഇടിച്ചക്ക) പ്രമേഹ രോഗത്തെ ചെറുക്കാൻ ഫലപ്രദമെന്നു കണ്ടെത്തിയിട്ടുണ്ട്.

നാരുകളേറെയുള്ളതിനാൽ ഉപാപചയ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാൻ സഹായിക്കുന്നതിനൊപ്പം IBS കുറയ്ക്കുവാനും അനീമിയയും നിശാന്ധതയും നേത്ര നിർജ്ജലീകരണവും ഇല്ലാതാക്കാനും അകാല വാർദ്ധക്യത്തെ ച്ചെറുക്കാനും തലമുടി വളരാനും കാഴ്ചശക്തി വർദ്ധിപ്പിയ്ക്കാനും ശേഷിയുള്ളവയുമാണ്. ലിഗാനിൻസ്, സാപോനിൻസ് തുടങ്ങിയ ഫൈറ്റോന്യൂട്രിയന്റ്സ് ഇതിലടങ്ങിയിട്ടുണ്ട്.  എച്ച്.ഐ.വി. വൈറസിനെതിരെ വളരെയധികം ഫലപ്രദമാണ് ഇതിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രോട്ടീൻ ആയ ജേകലിൻ എന്നു്  ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പ്രോബയോട്ടിക് ആയതിനാൽ പോഷകാഗിരണം മെച്ചപെടുത്തുന്ന തോടൊപ്പം കുടൽ കാൻസർ സാദ്ധ്യത കുറക്കുകയും ചെയ്യുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനവും ഇത് മെച്ചപ്പെടുത്തുന്നു. കൂടാതെ, അഫ്രോഡിസിയാക് ഘടകങ്ങളും ഇതിലുണ്ട്.

ആൻറി ഓക്സിഡൻ്റ്, ആൻ്റി ബാക്ടീരിയൽ, ആൻ്റി വൈറൽ ഘടകങ്ങളുള്ളതിനാൽ ഇൻഫെക്ഷനെ ചെറുക്കാനുമിതിനാവും. അസ്ഥിക്ഷയത്തെ ചെറുക്കാനും നല്ല ഉറക്കം ലഭിയ്ക്കുവാനും ചെറു ഞരമ്പുകളെ സംരക്ഷിയ്ക്കുവാനുമെല്ലാം ചക്കപ്പഴത്തിനാവും. അതേസമയം, പൊട്ടാസ്യത്തിന്റെ ആധിക്യം മൂലം ഹൈപ്പർ കലീമിയ എന്ന അവസ്ഥയുണ്ടാകാനിടയുള്ളതിനാൽ, വൃക്കരോഗികൾ ഇത് കൂടുതൽ കഴിക്കുന്നത് നന്നല്ല.

പുഴുങ്ങിയും വറുത്തും പൊടിച്ചുമെല്ലാം ഇതുപയോഗിയ്ക്കാം. അരി, ഗോതമ്പ് പൊടികളുപയോഗിച്ചുണ്ടാക്കുന്ന ഒട്ടുമിക്ക മലയാളി വിഭവങ്ങൾക്കും പകരക്കാരനാവാൻ മാത്രമല്ല പോഷണത്തിന്റെ കാര്യത്തിൽ മേൽപ്പറഞ്ഞവയെ മറികടക്കാനും ഇതിനു കഴിയും. പോഷകസമൃദ്ധമായതിനാൽ മാംസ്യാഹാരത്തിന് പകരം വെയ്ക്കാനാവുന്നതുമാണു്.

“പനസം ശീതളം പക്വം സ്നിഗ്ദ്ധം പിത്തനിലാപഹം തർപ്പണം ബൃംഹണം സ്വാദു മാംസളം ശേഷ്മളം ബൃംശം ബല്യം ശുക്രപദം ഹന്തി രക്തപിത്ത ക്ഷതവ്രണാൻ ” എന്ന്  ഭാവപ്രകാശം. (പഴുത്ത ചക്ക ശീതവീര്യവും സ്നിഗ്ദ്ധവും പിത്തഹാരിയും ബലപ്രദവും ശുക്ളവൃദ്ധികാരിയും രക്തപിത്ത ക്ഷതം ക്ഷയം എന്നിവയെ ശമിപ്പിക്കുന്നതുമാണ്. ദേഹപുഷിടിയുണ്ടാക്കുമെങ്കിലും കൃമിവ൪ദ്ധിനിയാണ്. ചക്ക അധികം കഴിച്ചാലുണ്ടാകുന്ന അസ്കിത  ചക്കയുടെ മടൽ ശമിപ്പിക്കും.)  ചക്കമടലിന്റെ പ്രതിരോധ പ്രവൃത്തിവീര്യം കൂടാതെ ചക്കയ്ക്ക് ചുക്ക്  പ്രതിവിധി എന്ന മറ്റൊരു വൈദ്യഭാഷ്യവും നിലവിലുണ്ട്.

100 വർഷം വരെ ആയുർദൈർഘ്യമുള്ള പ്ലാവിൻ തടിയ്ക്ക്  ചക്കയെക്കാൾ വളരെയേറെ മൂല്യമുണ്ട്.  പീതവർണ്ണമായ ഉൾത്തടി, ചിതൽ ശല്യമേൽക്കാത്തതിനാൽ വീട്, വീട്ടുപകരണങ്ങൾ, സംഗീതോപകരണങ്ങൾ,ശില്പ നിർമ്മാണങ്ങൾ തുടങ്ങിയവയ്ക്ക് ഉത്തമമാണ്. ഇലകൾ മൃഗങ്ങൾക്ക് തീറ്റയായും, കമ്പോസ്റ്റ് ആയും ഉപയോഗിയ്ക്കുന്നു. 

തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ പൻറുട്ടി ഗ്രാമമാണ് വ്യാവസായികാടിസ്ഥാനത്തിൽ ചക്ക കൃഷി ചെയ്യുന്ന ഒരു ദേശം.  കേരളത്തിൻ്റയെന്ന പോലെ തമിഴ്നാടിൻ്റെയും ഔദ്യോഗിക ഫലമാണ് ചക്ക. അത്തിയും മൾബെറിയും കടപ്ലാവു മടങ്ങുന്ന മൊറേസിയാ സസ്യ കുടുംബത്തിലാണ് പ്ലാവ് ഉൾപ്പെടുന്നത്. ആർട്ടോകാർപ്പസ് ഹെട്രോഫില്ലസ് എന്നാണു ശാസ്ത്രനാമം. പഴത്തിൻ്റെ ദൃഢതയെയും നൈർമ്മല്യത്തെയും അധികരിച്ച് ഇവയെ വരിക്കയെന്നും, കൂഴയെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. വരിക്കയിൽതന്നെ വിവിധയിനങ്ങളും പ്രാദേശിക വകഭേദങ്ങളുമുണ്ട്.

ജ്യൂസ്, പുഡിങ്,ഹൽവ, ചിപ്സ്, കട്ട്ലെറ്റ്,  ചമ്മന്തി, പുഴുക്ക്, അച്ചാർ, അട, ഷെെക്സ്, പായസം, ഐസ് ക്രീം, കേയ്ക്ക്, വൈൻ, മിഠായി തുടങ്ങി നൂറിലേറെ വിഭവങ്ങൾ പഴം കൊണ്ടും ചക്കക്കുരുകൊണ്ടും മൂത്തതും ഇളയതുമായ കായ്കൾ കൊണ്ടും തയ്യാറാക്കാം.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

എഴുത്ത് – ✍️ ബദറുദ്ദീൻ ഗുരുവായൂർ, പൊതു കാര്യദർശി, കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന കമ്മിറ്റി.

 , 

planet fashion

Comments are closed.