
എളവള്ളി : സ്കൂളിലെ ഒഴിവ് സമയം ക്രിയാത്മകമായി ഉപയോഗിച്ച് സ്കൂൾ മതിൽക്കെട്ടുകൾ വർളി’ ചിത്രകലയാൽ സുന്ദരമാക്കി കാക്കശ്ശേരി വിദ്യാവിഹാർ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ . രണ്ടാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള മുപ്പതോളം കുട്ടികൾ, രണ്ടാഴ്ചക്കാലം ഇടവേള സമയങ്ങളിൽ നടത്തിയ പ്രയത്നമാണ് സുന്ദര കലാസൃഷ്ടിയായി രൂപപ്പെട്ടത്. സ്കൂളിലെ പാർക്കിന്റെ സമീപമുള്ള മതിൽക്കെട്ടുകൾക്കാണ് കുട്ടികൾ നിറച്ചാർത്ത് പകർന്നത്.

മഹാരാഷ്ട്രയിലെ വർളി ഗോത്ര ജനവിഭാഗത്തിന്റെ പരമ്പരാഗത ചിത്രകലയായ വർളി ചിത്രകലയിലെ ഈ രചന സ്കൂളിലെ കലാധ്യാപിക ആതിരയുടെ മേൽനോട്ടത്തിലാണ് കുട്ടികൾ നടത്തിയത്. മണ്ണ് പുരണ്ട ചുവന്ന തറയിലോ മതിലിലോ വരയ്ക്കുന്ന ഈ ചിത്രങ്ങളിൽ മനുഷ്യർ, മൃഗങ്ങൾ, വൃക്ഷങ്ങൾ തുടങ്ങിയ പ്രകൃതി സംബന്ധമായ ഘടകങ്ങൾ ലളിതമായ ഭൗമിതിക ആകൃതികളായാണ് വരയ്ക്കുക. പ്രധാനമായും വിവാഹം, വിളവെടുപ്പ്, ഉത്സവങ്ങൾ എന്നിവ പ്രതിപാദിക്കുന്ന ഈ കലാസൃഷ്ടി ആദിമ ജീവിതത്തിന്റെ ഉണർവാണ്. കുട്ടികളിൽ പാരമ്പര്യ കലാബോധം കൂടി ഉണർത്താൻ വേണ്ടിയാണ് വർളി ചിത്രകല തന്നെ ഇതിനായി തെരഞ്ഞെടുത്തതെന്ന് പ്രിൻസിപ്പാൾ ഉഷാ നന്ദകുമാർ അഭിപ്രായപ്പെട്ടു. കുട്ടികളെ സ്കൂൾ മാനേജിംഗ് ട്രസ്റ്റീ അഡ്വ. കെ. വി. മോഹനകൃഷ്ണൻ, പി ടി എ പ്രസിഡന്റ് അഡ്വ.സുജിത് അയിനിപ്പുള്ളി, പി ടി എ പ്രതിനിധികളായ ജെതിൻ അശോകൻ, അനുഷാ ശ്രീജിത്ത് എന്നിവർ പ്രത്യേകം അനുമോദിച്ചു.

Comments are closed.