മണത്തല നേർച്ചക്ക് നാല്പതോളം കാഴ്ചകൾ – പോലീസ് കാഴ്ച്ച കമ്മിറ്റികളുടെ യോഗം വിളിച്ചു ചേർത്തു
മണത്തല : ജനുവരി 27, 28 തിയതികളിലായി നടക്കുന്ന മണത്തല നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ്കുട്ടി മൂപ്പരുടെ 237 മത് ചന്ദനക്കുടം നേർച്ചക്ക് ഇത്തവണ നാല്പതോളം കാഴ്ചകൾ ഉണ്ടാകുമെന്ന് മഹല്ല് ഭാരവാഹികൾ അറിയിച്ചു. മുപ്പത് കാഴ്ച്ചകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ 42 കാഴ്ചകളാണ് ഉണ്ടായിരുന്നത്. നേർച്ചയോടനുബന്ധിച്ചു പോലീസ് കാഴ്ച്ച കമ്മിറ്റി പ്രതിനിധികളുടെ യോഗം മണത്തല മഹല്ല് ഓഫീസിൽ വിളിച്ചു ചേർത്തു.
ഡി ജെ, ഗാനമേള എന്നിവ കൃത്യം രാത്രി പത്തുമണിക്ക് നിർത്തണമെന്നും കാഴ്ച്ചകൾ സമയക്രമീകരണം പാലിക്കണമെന്നും രാഷ്ട്രീയ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്നും ജനക്കൂട്ടത്തിനിടയിൽ പടക്കം പൊട്ടിക്കരുതെന്നും തുടങ്ങിയ നിർദേശങ്ങൾ ഗുരുവായൂർ എ സി പി യോഗത്തെ അറിയിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ളോവർ ഉപയോഗിച്ചുള്ള കടലാസ് കഷ്ണങ്ങൾ പറപ്പിക്കുന്ന പരിപാടികൾക്ക് നിയന്ത്രണം വേണമെന്നും ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെനന്നുമുള്ള ചാവക്കാട് നഗരസഭ നിർദേശവും തിക്ക് തിരക്കില്ലാത്ത വിധം ഭക്ഷണ വിതരണത്തിന് ക്രമീകരണം വേണമെന്ന വഖഫ് ബോർഡ് നിർദേശവും യോഗത്തിൽ വായിച്ചു.
മണത്തല മഹല്ല് കമ്മിറ്റി സെക്രട്ടറി കെ വി ഷാനവാസ് സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡന്റ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ എ സി പി ബിജു, ചാവക്കാട് എസ് ഐ ഫായിസ്, പോലീസ് സീനിയർ സി പി ഒ താജ്, വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ രാജീവ്, രഞ്ജിത്ത്, മഹല്ല് വൈസ് പ്രസിഡന്റ് കെ സി നിഷാദ്, ജോ. സെക്രട്ടറിമാരായ കെ സക്കീർ ഹുസൈൻ, ഹൈദ്രോസ്, ട്രഷറർ അലി, വിവിധ കാഴ്ച്ചകമ്മിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Comments are closed.