ഇടുക്കിയും, ആലുവയും, കോഴിക്കോടും, തൃശൂരും ഒക്കെ മലയാള ഗാനങ്ങൾക്ക് വിഷയമായിട്ടുണ്ടെങ്കിലും ചാവക്കാടിന്റെ ഭൂമിക ഇതാദ്യമായി മലയാള സിനിമാ ഗാനത്തിൽ അടയാളപ്പെടുത്തുന്നു. ചാവക്കാട് എന്നാൽ മലയാളികൾക്ക് ഗൾഫുകാരന്റെ നാടാണ്. സമീപകാലത്തെ ചില ഒറ്റപ്പെട്ട സംഭവങ്ങളിലൂടെയും കൊട്ടേഷൻ സിനിമകളിലൂടെയും ചാവക്കാടിന് ഗുണ്ടകളുടെ നാടെന്ന കറുത്ത പരിവേഷം കൂടിയുണ്ട്. എന്നാൽ ചാവക്കാടിന്റെ ഗരിമയും വിശുദ്ധിയും നന്മയും എല്ലാം വെളിവാക്കുകയാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയിലെ “ഊദ് പെയ്യുമൊരു കാറ്റു പായുമിടം ചാവക്കാട്” എന്ന ഗാനത്തിലൂടെ. ചാവക്കാടിനെ അടുത്ത് അറിയുന്ന ഗാനരചയിതാവ് ബി കെ ഹരിനാരായണനാണ് വരികൾ എഴുതിയിരിക്കുന്നത്. മെജോ ജോസഫ് ആണ് സംഗീതം. വിനീത് ശ്രീനിവാസൻ, അഫ്സൽ എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ചാവക്കാട്ടുകാർ മാത്രമല്ല, ഇനി മലയാളികൾ മുഴുവൻ ഏറ്റുപാടാൻ ഒരുങ്ങുന്ന ഈ മനോഹര ഗാനത്തിന്റെ മേക്കിങ് വീഡിയോ ഓഗസ്റ്റ് ഇരുപതാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പുറത്തിറക്കും. പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഓണച്ചിത്രമായി സെപ്റ്റംബർ 13ന് തീയേറ്ററുകളിലെത്തും. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് ഈ സിനിമ നിർമ്മിക്കുന്നത്.
ഹെയ്.. നീല നിര സാഗരം
തൂമണലിൻ പായയിൽ
വന്നെഴുതും കാവ്യമായ്
കേളി കൊണ്ട നാടിത്
ഓ ഇശലിൻ അലകൾ പെയ്തിടും
മെഹ്‌ഫിൽ നിറയും രാവിതിൽ
ഇവിടെ രസമായ് കൂടിടാം
നിറയും ചഷകം നെഞ്ചം
ഓ.. പോരൂ നീയും കൂടെ
ആടാം പാടാം ഒന്നായ്..
Comments are closed.