പുന്നയൂർക്കുളം: പരൂർ പാടത്ത് കൊയ്ത്തുയന്ത്രം ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ വിശ്രമിച്ചുകൊണ്ടിരുന്ന ലോറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് മേലെസിനിവാസപുരം സ്വദേശി മണികണ്ഠനേയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ കൊയ്ത് കഴിഞ്ഞു പുന്നയൂർക്കുളം പഴയ പോസ്റ്റ് ഓഫീസിന് സമീപത്തെ പറമ്പിലാണ് കൊയ്ത്തുയന്ത്രം നിറുത്തിയിരുന്നത്. ഇന്ന് രാവിലെ സഹപ്രവർത്തകർ ജോലിക്കായി വിളിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്. കൊയ്ത്തു യന്ത്രം കൊണ്ടുവരാൻ ഉപയോഗിച്ച ലോറിയിലാണ് ഇവർ ഉറങ്ങാറുള്ളത്. രണ്ടര മാസമായി ഇയാൾ കേരളത്തിൽ എത്തിയിട്ട്. തമിഴ്നാട് ശ്രീ അമ്മൻ ഏജൻസിയിലെ തൊഴിലാളിയാണ് മണികണ്ഠൻ, സൽവറാണിയാണ് ഭാര്യ. മധൻ, മധുബാല, മണിമാരൻ എന്നിവർ മക്കളാണ്.