കോട്ടപ്പടി ചൂൽപുറത്ത് ജെസിബി യും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് കാത്തു നിന്നിരുന്ന സ്ത്രീ മരിച്ചു

കോട്ടപ്പടി : പുത്തമ്പല്ലി പാലഞ്ചേരി റോഡിൽ തേർളി രഘുവിൻ്റെ ഭാര്യ ഗിരിജയാണ്(56) മരിച്ചത്. ചൂൽപ്പുറം കമ്പനിപ്പടി റോഡിൽ രാവിലെ എട്ടരയോടെയായിരുന്നു അപകടം. അപകടത്തിൽ കൂടെയുണ്ടായിരുന്ന സ്ത്രീ തലനാരിഴക്ക് രക്ഷപ്പെട്ടു. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക് ഏറ്റു. പുത്തമ്പല്ലി വാഴപ്പിള്ളി ശരത്തിനാണ് പരിക്കേറ്റത്. മുതുവട്ടൂർ കാജാ ചായ കമ്പനിയിലെ പാക്കിംഗ് തൊഴിലാളികളായ ഗിരിജയും വിജയലക്ഷ്മിയും ജോലിക്ക് പോകാനായി ബസ് കാത്തുനിൽക്കുന്നതിനിടെ ഈ സമയം കമ്പനിപ്പടി റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ജെസിബിയും കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വട്ടം തിരിഞ്ഞ ജെസിബി യുടെ പുറകിലെ കൈ ഗിരിജയെ തട്ടി തെറിപ്പിക്കുകയായിരുന്നു.

ജെസിബിയുടെ മുൻവശത്തെ കൈ തട്ടി ശരത് ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ ഇരുവരെയും മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗിരിജയുടെ ജീവൻ രക്ഷിക്കാനായില്ല. ഭയന്ന് പിൻമാറിയ വിജയലക്ഷ്മി കാനയിലേക്ക് വീണതോടെ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ലോറിയുടെ ഇന്ധന ടാങ്ക് പൊട്ടിവീണ് ഡീസൽ റോഡിലൂടെ ഒഴുകി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനങ്ങൾ തിരിച്ചുവിട്ട് റോഡ് കഴുകി വൃത്തിയാക്കി. ഗുരുവായൂർ – കുന്നംകുളം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Comments are closed.