രണ്ടിടത്ത് വാഹനാപകടം – ഒരാള്‍ മരിച്ചു മൂന്നു പേര്‍ക്ക് പരിക്ക്



ചാവക്കാട്: താലൂക്ക് ആസ്പത്രി ജങ്ഷനിലും എടക്കഴിയൂരിലും ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിലായി ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താലൂക്ക് ആസ്പത്രി ജങ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒരാള്‍ മരിച്ചത്. കോഴിക്കുളങ്ങര പെരിങ്ങാവില്‍ പുഷ്പകത്ത് നാരായണന്‍ നമ്പീശന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ നമ്പീശന്‍ (58) ആണ് മരിച്ചത്.
ഉണ്ണികൃഷ്ണന്‍ നമ്പീശന്‍ ഓടിച്ച ബൈക്കില്‍ എതിരെ വന്ന ബൈക്ക് കൂട്ടിയിടിച്ചാണ് അപകടം. എതിരെ വന്ന ബൈക്കിലുണ്ടായിരുന്ന പേരകം സ്വദേശികളായ ലിബീഷ് (24), ലമീഷ് (27) എന്നിവരെ പരിക്കുകളോടെ മുതുവട്ടൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നത്തൂര്‍ കോട്ടയിലെ ക്ഷേത്രങ്ങളിലെ കഴകക്കാരനാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്‍. ഗുരുവായൂരില്‍നിന്ന് ഞായറാഴ്ച രാത്രി കോഴിക്കുളങ്ങരയിലെ വീട്ടിലേയ്ക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
മുതുവട്ടൂര്‍ രാജ ആസ്പത്രിയിലും പിന്നീട് അമല മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ അഞ്ചോടെ മരിച്ചു. ചാവക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഉഷയാണ് ഭാര്യ. മക്കള്‍: ഗിരീഷ് (ഗള്‍ഫ്), ഗ്രീഷ്മ. മരുമകന്‍: രഞ്ജിത്ത്. ശവസംസ്‌കാരം ചൊവ്വാഴ്ച 9.30ന് ചാവക്കാട് നഗരസഭാ പൊതുശ്മശാനത്തില്‍ നടക്കും.
എടക്കഴിയൂരില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി. ബസ് മുച്ചക്രവാഹനത്തില്‍ ഇടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ചാവക്കാട് നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്ന ബസ്സാണ് മുച്ചക്രവാഹനത്തില്‍ ഇടിച്ചത്. എടക്കഴിയൂര്‍ രായംമരക്കാര്‍ വീട്ടില്‍ ജമാലി (30) നാണ് പരിക്കേറ്റത്. ഇയാളെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments are closed.