എടക്കഴിയൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്. കുറ്റിപ്പുറം കാലടി സ്വദേശികളായ പള്ളിയില്‍ മൊയ്തുണ്ണി(39), ഭാര്യ നൂര്‍ജഹാന്‍(34) മകള്‍ ഫാത്തിമ നിദ(6), അകലാട് വേട്ടക്കാന്തറയില്‍ കുഞ്ഞുമോന്‍ഹാജി (68) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നൂര്‍ജഹാന്‍, ഫാത്തിമ നിദ എന്നിവരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിക്ക് അകലാട് ദേശീയപാതയിലാണ് അപകടം. മുന്നില്‍ സഞ്ചരിച്ചിരുന്ന മുഞ്ഞുമോന്‍ ഹാജി ബൈക്ക് പെട്ടെന്ന് തിരിച്ചതോടെ കുടുംബം സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിലെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ അകലാട് നബവി പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സക്കായി നൂര്‍ജഹാന്‍, ഫാത്തിമ നിദ എന്നിവരെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ദേശീയപാതയില്‍ അകലാട് രണ്ടാമത്തെ അപകടമാണ് ഇത്. പുലര്‍ച്ച രണ്ടു മണിയോടെ കണ്ടയിനര്‍ ലോറി ബൈക്കുകള്‍ക്ക് പിറകില്‍ ഇടിച്ച് തിരുവനന്തപുരം സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു.