ഗുരുവായൂര്‍ : പണമിറക്കി താൽക്കാലികമായി അധികാരത്തിലേറാമെങ്കിലും ജനകീയ സമരങ്ങൾക്ക് മുൻപിൽ ബിജെപി പതറിപ്പോകുമെന്ന്
മുൻ എം പി എ വിജയരാഘവൻ പറഞ്ഞു.

ഇ എം എസ്, എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ വലിയ ആശയദൃഢതയുള്ളവരാക്കി മാറ്റുവാൻ എ കെ ജി യും, ഇ എം എസും എപ്പോഴും ശ്രദ്ധിച്ചിരുന്നു. സ്വന്തം ജീവിതം തന്നെ മാതൃകയാക്കി ഉയർത്തിക്കാണിക്കുവാൻ അവർക്ക് സാധ്യമായിരുന്നു. ജനകീയ പ്രക്ഷോഭങ്ങൾ ഇന്ത്യയുടെ വർത്തമാനകാല അവസ്ഥയിൽ ഗുണപരമായ മാറ്റം ഉണ്ടാക്കും.
രാജ്യത്ത് ഏറ്റവും മികച്ച ബദൽ നയവുമായി ഇടതുപക്ഷ ഗവൺമെന്റ് മുന്നോട്ട് തന്നെ പോകും. വികസനം നാടിന്റെ അനിവാര്യതയാണ്, കേവല വാദങ്ങൾ കൊണ്ട് വികസനത്തെയും ഇടതു ബദലിനെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്ത് തോൽപ്പിക്കും അദ്ദേഹം പറഞ്ഞു.
സി പി എം ഗുരുവായൂർ ലോക്കൽ കമ്മിറ്റി അംഗം കെ മണി അദ്ധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി എം കൃഷ്ണദാസ്, ടി ടി ശിവദാസ് എന്നിവർ സംസാരിച്ചു.
തുടർന്ന് വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിച്ചു.
ഗുരുവായൂർ ലോക്കൽ സെക്രട്ടറി എം സി സുനിൽ കുമാർ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം കെ ആര്‍ സൂരജ് നന്ദിയും പറഞ്ഞു.