
ഗുരുവായൂര്‍ : ബ്രഹ്മക്കുളം സെന്റ് തോമസ് പള്ളിക്കും കപ്പേളക്കും പള്ളി പരിസരത്ത് നിറുത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ക്കും നേരെ ആക്രമണം. ആക്രമണം നടത്തിയയാളെ നാട്ടുകാര്‍ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പള്ളിയുടെ വടക്കു വശത്തെ നാല് ജനല്‍ ചില്ലുകളും മുന്‍വശത്തെ നോട്ടീസ് ബോര്‍ഡുമാണ് കല്ലെറിഞ്ഞ് തകര്‍ത്തിട്ടുള്ളത്. തൈക്കാട് തിരിവിലുള്ള കപ്പേളയുടെ മുന്‍വശത്തെ ചില്ലും തകര്‍ന്നിട്ടുണ്ട്. പള്ളിപരസരത്ത് നിറുത്തിയിട്ടിരുന്ന തൈക്കാട് സ്വദേശികളായ വാഴപ്പുള്ളി ബേബിയുടെ സാന്‍ട്രോ കാറും കപ്പേളക്ക് മുന്നില്‍ നിറുത്തിയിട്ടിരുന്ന പുലിക്കോട്ടില്‍ ബാബുവിന്റെ ഓട്ടോടാക്‌സിക്കും നേരെയാണ് ആക്രണം നടന്നിട്ടുള്ളത്. രണ്ടു വാഹനങ്ങളുടെയു മുഴുവന്‍ ചില്ലുകളും കല്ലെറില്‍ തകര്‍ന്നിട്ടുണ്ട്. പള്ളിക്ക് മുന്നില്‍ വച്ചിരുന്ന ഒരു ബൈക്കിനും കേട് പാട് വരുത്തിയിട്ടുണ്ട്. ബൈക്ക് ആരുടേതാണെന്ന് മനസ്സിലായിട്ടില്ല. ഇന്നലെ രാവിലെ അഞ്ചരയോടെയാണ് ആക്രമണം നടന്നത്. ജനല്‍ചില്ലുകള്‍ പൊട്ടുന്ന ശബ്ദംകേട്ട് വികാരി ഫാ.ഫ്രാന്‍സിസ് മുട്ടത്ത് പുറത്തിറങ്ങുമ്പോഴേക്കും അക്രമി ഓടി മറഞ്ഞു. സ്‌കൂട്ടറിലെത്തിയ യുവാവ് കല്ലെറിഞ്ഞ് ഓടി പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇതിന് ശേഷം പള്ളിയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചതില്‍അക്രമിയുടെ വ്യക്തമായ ചിത്രം പതിഞ്ഞിരുന്നതായി കണ്ടെത്തി. പള്ളിയില്‍ നാട്ടുകാര്‍ ഓടികൂടിയ സമയത്ത് അക്രമിയും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാര്‍ അക്രമിയെ തിരിച്ചറിഞ്ഞ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പള്ളിയുടെ പുറകില്‍ താമസിക്കുന്ന പാന്തറയില്‍ വിവേക് (24)ആണ് പിടിയിലായത്. പിടിയിലായതോടെ നാട്ടുകാര്‍ക്കുനേരെ പ്രതി തട്ടികയറി. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. എം.ബി.എ ബിരുധ ധാരിയായ പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി, വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് എന്നിവരും കൗണ്‍സിലര്‍മാരും സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഗുരുവായൂര്‍ എ.സി.പി ആര്‍.ജയചന്ദ്രന്‍പിള്ള, സി.ഐ എം.കെ.കൃഷ്ണന്‍, എസ്.ഐ. എം.ആര്‍.സുരേഷ് കുമാര്‍ എന്നിവര്‍ സ്ഥലതെത്തി പരിശോധന നടത്തി. സംഭവത്തില്‍ കേസ്സെടുത്തതായി എ.സി.പി പറഞ്ഞു.

Comments are closed.