ചാവക്കാട്: ബസിന് സൈഡ് നല്‍കിയില്ലെന്ന തര്‍ക്കത്തെ തുടര്‍ന്നു സംഘട്ടനം. ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. അംഗപരിമിതനായ തീര്‍ഥാടകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. ദേശീയ പാതയില്‍ ഒരുമനയൂര്‍ മൂന്നാം കല്ലില്‍ ഞായറാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വടകര കോടകുന്ന് ഇരിങ്ങല്‍ മുരട് വീട്ടില്‍ വിപിന്‍ (23), അയല്‍വാസിയായ വിജീഷ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്നു വിപിന്റെ ഒരു പല്ല് പകുതി മുറിഞ്ഞു പോയി. ചുണ്ടിനും, കൈക്കും തുന്നലുണ്ട്.
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാനില്‍ 13 പേരാണ് ഉണ്ടായിരുന്നത്. ഇവരുടെ പിന്നില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ സഞ്ചരിച്ചിരുന്ന ഒരു ബസും ഉണ്ടായിരുന്നു. ബസിന് വശം കൊടുത്തില്ല എന്ന് റഞ്ഞ് വാടാനപിള്ളി മുതല്‍ ബസ് ഡ്രൈവറും, വാന്‍ ഡ്രൈവറും റോഡില്‍ പരസ്പരം കയര്‍ത്താണ് വാഹനങ്ങള്‍ ഓടിച്ചിരുതെന്ന് പറയുന്നു. മൂന്നാം കല്ലിലെത്തിയപ്പോള്‍ ബസ് വാനിനെ മറികടന്നു മുന്നില്‍ കയറി.
മറികടക്കുതിനിടെ ബസിന്റെ പിന്‍ഭാഗം വാനില്‍ ഇടിക്കുകയും ചെയ്തു. വിവാഹ ബസിനു പിന്നില്‍ല്‍ മറ്റൊരു ബസിലും വാനിലുമായി വിവാഹചടങ്ങില്‍ പങ്കെടുക്കുന്നവരില്‍ പെട്ട വേറെയും ആളുകള്‍ ഉണ്ടായിരുന്നു. തീര്‍ത്ഥാടകരും വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവരും വാഹനങ്ങളില്‍ നിന്നും പുറത്തിറങ്ങി വാക്കേറ്റമാവുകയും തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ കയ്യാങ്കളിയില്‍ എത്തുകയുമായിരുന്നു. ഇതിനിടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. തങ്ങളെ മര്‍ദ്ദിച്ചതാരാണെന്ന് തീര്‍ഥാടകര്‍ക്കറിയില്ല. പോലീസ് വന്നതോടെ മര്‍ദ്ദിച്ചവര്‍ മറ്റു വാഹനങ്ങളില്‍ കയറി സ്ഥലം വിട്ടു. രണ്ടു വണ്ടികളിലേയും ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബസില്‍ സ്ത്രീകളും, കുട്ടികളും ഉള്ളതിനാല്‍ ഇവരെയിറക്കി ബസ് സ്‌റ്റേഷനില്‍ കൊണ്ടുവരാന്‍ ബസിലെ സഹഡ്രൈവര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കി.
താലൂക്കാശുപത്രിയില്‍ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതായി എസ്.ഐ എം.കെ.രമേഷ് പറഞ്ഞു. സി.എന്‍.ജയദേവന്‍ എം.പി.പരിക്കേറ്റവരെ ആസ്പത്രിയിലെത്തി സന്ദര്‍ശിച്ചു.