ഗുരുവായൂര്‍ : അനുഷ്ടാന കലകളില്‍ കോഴിക്കോട് ജില്ലയുടെ സ്വന്തമായ തിറയാട്ടം ഗുരുവായൂരിനു പുത്തന്‍ അനുഭവമായി. നരസിംഹാവതാരവും ഭഗവതിയും നിറഞ്ഞ സദസ്സില്‍ ഗുരുവായൂരില്‍ കാണികളോടൊപ്പം കൂടിയാടി. വടകര സ്വദേശികളായ പി എം അഖിലേഷ്, സി കെ ശിവദാസ് എന്നിവരാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ സംഘടിപ്പിക്കുന്ന ഉത്സവ് 2017ല്‍ ഗുരുവായൂര്‍ ലൈബ്രറി ഹാളിനു സമീപം ഒരുക്കിയ പ്രത്യേക വേദിയില്‍ ഭഗവാന്‍ വിഷ്ണുവിന്റെ നരസിംഹ അവതാരവും ഭഗവതി വേഷവും പകര്‍ന്നാടിയത്. കോഴിക്കോട് ജില്ലയില്‍ ക്ഷേത്രങ്ങളിലും, കാവുകളിലും, തറവാട് മുറ്റങ്ങളിലും ഉത്സവം പോലെ കൊണ്ടാടുന്ന അനുഷ്ടാന കലയാണ്‌ തിറയാട്ടം. രാജന്‍ മണിയൂര്‍, സുരേന്ദ്രന്‍ വടയം, വിനയന്‍ ഇരിങ്ങൂര്‍ എന്നിവര്‍ ചെണ്ടയില്‍ താളമിട്ടു. ഗുരുവായൂര്‍ മുന്‍ നഗരസഭാ ചെയര്‍പേഴ്സനും എം എല്‍ എ യുമായ ഗീതാഗോപി വിശിഷ്ടാതിഥിയായി.
കേരളത്തിലെ എല്ലാ ജില്ലകളിലും കേരളത്തിന്റെ തനതു കലകളുടെ ഉത്സവം കേരള ടൂറിസം വകുപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. അഞ്ചാം തിയതി മലപ്പുറം കോട്ടക്കുന്നിലാണ് സംസ്ഥാന തല ഉദ്ഘാടനം നടന്നത്. തൃശൂരില്‍ ഗുരുവായൂരാണ് ഈ വര്‍ഷത്തെ വേദി. അഞ്ചാംതിയതി തിടമ്പ് നൃത്തത്തോടെ ആരംഭിച്ച കലകളുടെ ഉത്സവം പതിനൊന്നാം തിയതിയിലെ നാടന്‍ പാട്ടുകളോടെ അവസാനിക്കും.
ഇന്ന് വൈകുന്നേരം ആറുമണിക്ക് ശാസ്താം പാട്ടും തുടര്‍ന്ന് ആദിവാസി കലകളും അരങ്ങേറും. നാളെ ദഫ്, കോല്‍ക്കളി, മാപ്പിളപ്പാട്ട്, ഒപ്പന എന്നിവയുണ്ടാകും.