പിടിച്ചുപറിയും ഗുണ്ടായിസവുമായി ഗുരുവായൂരിലെ ഓട്ടോ ഡ്രൈവേഴ്സ്
ഗുരുവായൂര്‍: പിടിച്ചുപറിയും ഗുണ്ടായിസവുമായി ഗുരുവായൂരില്‍ ഓട്ടോ ഡ്രൈവേഴ്സും. അമിതവാടക ആവശ്യപ്പെടുകയും ചോദ്യം ചെയ്യുന്നവര്‍ക്കുനെരെ ഭീഷണിയും കയ്യെറ്റവും നടത്തലാണ് ഇവരുടെ ശൈലി. അംഗീകൃത യൂണിയനുകളില്‍ അംഗത്വമില്ലാത്തവരാണ് മൊത്തം ഓട്ടോ ഡ്രൈവേഴ്സിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്.
വീട്ടിലേക്ക് രാത്രി ഓട്ടോ വിളിച്ച സി.പി.എം നേതാവായിരുന്നു കഴിഞ്ഞ ദിവസത്തെ ഇര. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.സുമേഷിന് നേരെയാണ് ഓട്ടോ ഡ്രൈവറുടെ കയ്യേറ്റം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സുമേഷ് മഞ്ജുളാലിന് സമീപത്തു നിന്ന് വീട്ടിലേക്ക് ഓട്ടോ വിളിക്കുകയായിരുന്നു. കിഴക്കെനടയില്‍ നിന്ന് ഒന്നേകാല്‍ കിലോമീറ്റര്‍ മാത്രമാണ് സുമേഷിന്റെ വീട്ടിലേക്കുള്ളത്. എന്നാല്‍ ഓട്ടോക്കാരന്‍ 70 രൂപയാണ് വാടക ആവശ്യപ്പെട്ടത്. രാത്രിയായതിനാല്‍ 50 രൂപ നല്‍കാമെന്ന് പറഞ്ഞിട്ടും ഡ്രൈവര്‍ വഴങ്ങിയില്ല. സുമേഷിനെ ഓട്ടോയില്‍ നിന്ന് ഇറങ്ങാന്‍ അനുവദിക്കാതെ നിന്നെ ഞാന്‍ കയറ്റിയ സ്ഥലത്ത് കൊണ്ടുവിടും എന്ന് പറഞ്ഞ് ഓട്ടോ എടുത്ത് ഗുരുവായൂരിലേക്ക് തിരിച്ചു കൊണ്ടുപോയി. എന്നാല്‍ കിഴക്കെ നടയിലേക്ക് പോകുന്നതിന് പകരം റെയില്‍വേ സ്റ്റേഷന്റെ ഭാഗത്തേക്ക് ഓട്ടോ തിരിച്ചപ്പോള്‍ സുമേഷ് ഡ്രൈവറോട് കയര്‍ത്തു. ഇതിനിടെ വണ്ടി നിര്‍ത്തിയിറങ്ങിയ ഡ്രൈവര്‍ സുമേഷിനെ മര്‍ദിച്ചു. ഇതിനകം ബഹളം കേട്ട് ആളുകളും റെയില്‍ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസും സ്ഥലത്തെത്തി. തുടര്‍ന്ന് അതേ ഓട്ടോറിക്ഷയില്‍ സുമേഷ് ടെമ്പിള്‍ സ്റ്റേഷനിലെത്തി പരാതി നല്‍കി. എന്നാല്‍ 50 രൂപ വാടക നല്‍കി പ്രശ്‌നം അവസാനിപ്പിക്കാനായിരുന്നു പൊലീസ് നിര്‍ദേശിച്ചത്. ഓട്ടോക്കാരനെ നടപടിയൊന്നും കൂടാതെ വിട്ടയക്കുകയും ചെയ്തു. സ്റ്റേഷനില്‍ നടപടിയില്ലാതിരുന്നതിനെ തുടര്‍ന്ന് സുമേഷ് എ.സി.പിക്ക് പരാതി നല്‍കി.
Comments are closed.