Header

മര്‍ദ്ദനത്തില്‍ ഗൃഹനാഥന്‍ മരിച്ച സംഭവം ഒരാള്‍ കസ്റ്റഡിയില്‍

ചാവക്കാട്: മക്കളുമായി ബൈക്കില്‍ പോകവേ സമൂഹവിരുദ്ധര്‍ പരിഹസിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. പ്രദേശവാസിയായ സത്യന്‍ എന്നയാളെ ഒന്നാംപ്രതിയാക്കിയാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇയാള്‍ പോലീസിന്റെ കസ്റ്റഡിയിലായതായാണ് വിവരം. ബന്ധുക്കളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും പോലീസെടുത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ കേസില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തുമെന്നാണ് പോലീസ് നല്‍കുന്ന സൂചന .ചാവക്കാട് നഗരസഭ 11-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പൂക്കുളം വാര്‍ണാട്ട് രമേഷ്(50) ആണ് സംഘട്ടനത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രമേഷിന്റെ മരണം സംസ്ഥാനതലത്തില്‍ വാര്‍ത്തയായതോടെ അന്വേഷണ ചുമതല വെള്ളിയാഴ്ച ചാവക്കാട് സിഐ എ.ജെ.ജോണ്‍സന് കൈമാറി. ബുധനാഴ്ച രാത്രി എട്ടരയോടെ പൂക്കുളത്തിനടുത്തുള്ള തറവാട്ടുവീട്ടില്‍ നിന്ന് പഞ്ചാരമുക്കിലുള്ള വീട്ടിലേക്ക് മകളുമായി രമേഷ് ബൈക്കില്‍ പോകവേ കൂട്ടംകൂടി നിന്നിരുന്നവരില്‍ ചിലര്‍ കൂവി വിളിച്ചു. മകളെ വീട്ടിലാക്കി തിരിച്ചുവന്ന രമേഷ് ഇത് ചോദ്യം ചെയ്യുകയും കൂട്ടംകൂടി നിന്നവരുമായി തര്‍ക്കമുണ്ടാവുകയും ചെയ്തു. വിവരമറിഞ്ഞ് സഹോദരന്‍ സുരേഷ് എത്തുമ്പോള്‍ രമേശ്‌ റോഡില്‍ വീണുകിടക്കുകയായിരുന്നു. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി സി.ഐ എ.ജെ.ജോണ്‍സന്‍ അറിയിച്ചു.

thahani steels

Comments are closed.