ചാവക്കാട്: ഭാരതീയ ചികിത്സ വകുപ്പും ദേശീയ ആയുഷ്മിഷനും ചേര്‍ന്നു ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതി കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളില്‍നിന്നായി എട്ട് ഗ്രാമങ്ങളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ബ്ലോക്കിലെ കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍, എടക്കഴിയൂര്‍, പുന്നയൂര്‍ക്കുളം, കടിക്കാട്, വൈലത്തൂര്‍, വടക്കേക്കാട് എന്നീ ഗ്രാമങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പ്രദേശങ്ങളില്‍ കാര്‍ഷികം, ശുചിത്വം, കുടിവെള്ളം, ആരോഗ്യം, മൃഗ സംരക്ഷണം, പൊതുമരാമത്ത് പ്രവൃത്തികള്‍, ക്ഷീര വ്യവസായം തുടങ്ങിയ മേഖലകളില്‍ സര്‍വ്വേ നടത്തി പോരായ്മകള്‍ കണ്ടെത്തി പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങില്‍ ഔഷധ സസ്യങ്ങളുടെ വിതരണം നടന്നു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് അധ്യക്ഷനായി. ആയുര്‍വേദ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷീല കാറളം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ വെളുത്തേടത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബൂബക്കര്‍ ഹാജി, സി മുസ്താഖലി, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ, ഡോ.രാഖി തുടങ്ങിയവര്‍ പ്രസംഗിച്ചു.