മന്ദലാംകുന്ന്: മന്ദലാംകുന്ന് ബീച്ചിൽ കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിരിയിച്ച 140 കടലാമക്കുഞ്ഞുങ്ങളെ കടലിലിറക്കി. എരുമപ്പെട്ടി ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ബാസി ബാഹുലേയന്‍, ഉദയകുമാർ, ഉണ്ണികൃഷ്ണന്‍, എം.കെ. രാധാകൃഷ്ണൻ, കടലാമ സംരക്ഷണ സമിതി പ്രവർത്തകരായ പി.എ. ഹംസു, നവാസ് കിഴകൂട്ട്, എ.ബി.കമറുദ്ധീന്‍, നൗഷാദ്, ഷിഹാബ്, അബൂബക്കർ, അമ്മുണ്ണി, അബുതാഹിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വംശനാശ ഭീഷണി നേരിടുന്ന ഇനത്തില്‍ പെട്ട ജീവിയാണ് കടലാമ. കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തിലെത്തുന്ന കടലാമകളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. വേള്‍ഡ് വൈഡ് ഫണ്ട്‌സ് ഫോര്‍ നേച്ചര്‍ (ഡബ്ല്യൂഡബ്ല്യുഎഫ്) നടത്തിയ ഗവേഷണത്തിലാണ് ഈ വിവരം പുറത്തു വന്നത്. മന്ദലാകുന്ന് ബീച്ചില്‍ ആറ് കൂടുകളിലായി സംരക്ഷിച്ചു വരുന്ന 600ല്‍പരം കടലാമ മുട്ടകള്‍ ഇനിയും വിരിയാൻ ഉണ്ടെന്ന് കടലാമ സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു.