ചാവക്കാട്: ദേശീയപാത മണത്തലയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു യുവാവിന്  പരിക്കേറ്റു. തിരുവത്ര അത്താണി പുത്തന്‍പുരയില്‍ അബ്ബാസിന്റെ മകന്‍ അജ്മലി(18)നാണ് പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ അജ്മലിനെ ആദ്യം ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് തൃശൂര്‍ അശ്വനി ആശുപത്രിയിലും എത്തിച്ചു. വെന്റിലേറ്ററില്‍ കഴിയുന്ന അജ്മലിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. ചാവക്കാട് നിന്ന് തിരുവത്ര ഭാഗത്തേക്കു പോകുകയായിരുന്ന അജ്മല്‍ യാത്ര ചെയ്ത ബൈക്ക് മണത്തലയില്‍ എതിരെ വന്ന ബൈക്കില്‍ കൂട്ടിയിടിച്ചാണ് അപകടം. എതിരെ വന്ന ബൈക്ക് ദേശീയപാതക്കു പടിഞ്ഞാറുവശത്തെ ഉള്‍റോഡിലേക്ക് തിരിഞ്ഞപ്പോഴാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് അജ്മല്‍ റോഡിലേക്ക് തലയിടിച്ചു തെറിച്ചുവീഴുകയായിരുന്നു.