ഗുരുവായൂർ : കോട്ടപ്പടിയിൽ കഴിഞ്ഞ ദിവസമുണ്ടായ പെയിന്ററുടെ ആത്മഹത്യക്കു കാരണക്കാർ ബ്ലേഡ് മാഫിയയും പോലീസുമാണെന്ന് യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു.
കോട്ടപ്പടി, ചാത്തൻകോട് താമസിക്കുന്ന പരിയാരത്ത് വീട്ടിൽ രമേഷ് ( 53)
നവംബർ 12ന് വെള്ളിയാഴ്ച വീട്ടിൽ തൂങ്ങി മരിച്ചിരുന്നു.
സാമ്പത്തിക പ്രയാസത്തിൽ സഹായം എത്തിക്കുകയെന്ന വ്യാജേന പണം നൽകി പിന്നീട് കൊള്ള പലിശ ചോദിച്ച് ഭീഷണിപ്പെടുത്തുന്ന ബ്ലേഡ് മാഫിയ സംഘം കോട്ടപ്പടി പ്രദേശത്ത് അഴിഞ്ഞാടുകയാണ്. കൊള്ള പലിശ സംഘങ്ങൾക്ക് ആവശ്യമായ സംരക്ഷണം ഒരുക്കുന്ന നിലപാടാണ് ഗുരുവായൂർ പോലീസിന്റേതെന്നും യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
ബ്ലേഡ് മാഫിയയുടെ നിരന്തരമായ ഭീഷണി മൂലം മാനസികമായി തകർന്നാണ് രമേശ് ആത്മഹത്യ ചെയ്തത്. വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും, രമേഷിന്റെ മക്കളുടെ ഫോണിലേക്ക് ഭീഷണി സന്ദേശങ്ങൾ അയക്കുകയും ചെയ്ത വിവരം ഉൾപ്പടെ അറിയിച്ച് രമേശിന്റെ ഭാര്യ കവിത ഗുരുവായൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്ക് പരാതി നൽകിയിട്ടും ബ്ലേഡ് മാഫിയയെ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് പോലീസ്. കോട്ടപ്പടി പ്രദേശത്ത് തന്നെ ഒട്ടേറെ കുടുംബങ്ങൾ ഇതേ മാഫിയയുടെ ഭീഷണി മൂലം ഭയന്നിരിക്കുന്ന സാഹചര്യം അറിഞ്ഞിട്ടും പൊതുജന സംരക്ഷകരാവേണ്ട ഗുരുവായൂർ പോലീസ് മൗനത്തിലാണ്.
ഒരു പട്ടികജാതി കുടുംബത്തിനുണ്ടായ ഈ അനുഭവം ആവർത്തിക്കാതിരിക്കാനും ആളെ കൊല്ലുന്ന ബ്ലേഡ് മാഫിയ സംഘങ്ങൾക്കെതിരെയും, അവരെ സഹായിക്കുന്ന ഗുരുവായൂർ പോലീസിനെതിരെയും നിയമപരമായും, രാഷ്ട്രീയമായും നടപടികളുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം അറിയിച്ചു.
യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ പ്രതിഷേധ യോഗത്തിന് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എൻ.എച്ച് ഷാനിർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.ബി സുബീഷ്, വിനീത് വിജയൻ, റംഷാദ് ഇ.കെ, സുമൽ കെ.എസ് എന്നിവർ സംസാരിച്ചു.
Comments are closed.