ചാവക്കാട് : അതിവേഗതയില്‍ സ്കൂട്ടറിനെ മറികടന്നു മുന്നില്‍ ചവിട്ടി നിറുത്തിയ ബസ്സിനു പിറകില്‍ സ്കൂട്ടര്‍ ഇടിച്ചു കയറി യാത്രികന് ഗുരുതരമായ പരിക്കേറ്റു. തിരുവത്ര കുന്നത്ത് ഹസ്സൈനാര്‍ മകന്‍ അയ്യൂബ് (35)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തരമണിയോടെ ദേശീയപാത  മണത്തല അയിനിപ്പുള്ളിയില്‍ വെച്ചാണ് അപകടം. അയിനിപ്പുള്ളിയിലെ കോഴിക്കടയിലെ ജീവനക്കാരനാണ് അയ്യൂബ്. സ്കൂട്ടറില്‍ പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന അയ്യൂബിനെ അതിവേഗതയില്‍ മറികടന്നു വന്ന ബസ്സ്‌ മുന്നില്‍ കയറ്റി ചവിട്ടി നിറുത്തുകയായിരുന്നു. ഇതോടെ സ്കൂട്ടര്‍ ബസ്സിനു പിറകില്‍ അടിഭാഗത്തെക്ക് ഇടിച്ചു കയറി. യാത്രക്കാര്‍ കൈ കാണിച്ചതിനെ തുടര്‍ന്ന് ബസ്സ്‌ പെട്ടെന്ന് ചവിട്ടി നിറുത്തുകയായിരുന്നു എന്ന് പറയുന്നു. ചാവക്കാട് പൊന്നാനി റൂട്ടിലോടുന്ന മുബാഷിര്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. ഗുരുതരമായ പരിക്കേറ്റ അയ്യൂബിനെ നാട്ടുകാര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് സാരമായ പരിക്കേറ്റതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി.