ചാവക്കാട് : ചാവക്കാട് ബീച്ച് സൗന്ദര്യവല്‍ക്കരണം രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 2.25 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. അഞ്ചു ഷോപ്പുകള്‍ ഉള്‍പ്പെടുന്ന കെട്ടിടം, കോഫി ഷോപ്പ്, കിയോസ്കുകള്‍, 1292 സ്ക്വയര്‍ ഫീറ്റ് വരുന്ന ഹൈടെക് ടോയ്‌ലറ്റ്, സഞ്ചാരികള്‍ക്ക് തണല്‍ ലഭിക്കുന്നതിനുള്ള ഷെയ്ഡുകള്‍, കുട്ടികളുടെ പാര്‍ക്ക്, കാര്‍ പാര്‍ക്കിംഗ്, ഖരമാലിന്യ സംസ്കരണ പ്ലാന്‍റുകള്‍, പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനുള്ള യാര്‍ഡ്, കാസ്റ്റല്‍ അയേണ്‍ കാലുകളില്‍ സ്ഥാപിച്ച എല്‍ ഇ ഡി വൈദ്യുതി വിളക്കുകള്‍ തുടങ്ങിയ അടിസ്ഥാന സൌകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുന്നത്.
തൃശൂര്‍ ജില്ലാ നിര്‍മിതി കേന്ദ്രമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. പന്ത്രണ്ടു മാസത്തിനകം നിമ്മാണം പൂര്‍ത്തീകരിക്കും.
കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. രാത്രികാലങ്ങളില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ചാവക്കാട് പോലീസുമായും രൂപീകരിക്കാന്‍ പോകുന്ന റെഗുലേറ്ററി കമ്മിറ്റിയും ചേര്‍ന്ന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായും ബീച്ചിലെ നിര്‍മ്മാണങ്ങള്‍ നാട്ടുകാരുടെ സ്വന്തമാണെന്നും അത് സംരക്ഷിക്കാന്‍ തയ്യാറാവണമെന്നും നശിപ്പിക്കുന്നതിനു കൂട്ട് നില്‍ക്കരുതെന്നും എം എല്‍ എ അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, വൈസ് ചെയര്‍മാന്‍ മഞ്ജുഷ സുരേഷ്, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ എച്ച് സലാം, എ സി ആനന്ദന്‍, വാര്‍ഡ് കൌണ്‍സിലര്‍ കെ കെ കാര്‍ത്യായനി ടീച്ചര്‍, നിര്‍മ്മിതി കേന്ദ്രം പ്രതിനിധി ബോസ്കോ, രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ എം ആര്‍ രാധാകൃഷ്ണന്‍ ( സിപിഎം), എ എം സതീന്ദ്രന്‍(സിപിഐ), കെ വി ഷാനവാസ് ( ഐ എന്‍ സി ), ജലീല്‍ വലിയകത്ത് (ഐ യു എം എല്‍), കെ എന്‍ പ്രസന്നന്‍( ബിജെപി), ലാസര്‍ പേരകം (ജനതാദള്‍ എസ്), ഇ പി സുരേഷ് (എന്‍ സി പി ), പി കെ സൈതാലിക്കുട്ടി( കോണ്ഗ്രസ് എസ്) തുടങ്ങിയവര്‍ സംബന്ധിച്ചു.