പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പുല്ലുവില

ചാവക്കാട്: ദേശീയ പാത 45 മീറ്ററായി വികസിപ്പിക്കുന്നതിൻറെ ഭാഗമായി തൃശൂർ ജില്ലാ അധികാരികളുടെ നേതൃത്വത്തില്‍ തൃശൂർ മലപ്പുറം ജില്ലാ അതിർത്തിയായ കടിക്കാട് വില്ലേജിലെ കാപ്പിരിക്കാട് തങ്ങൾപ്പടിയിൽ നിന്നും കല്ലിടല്‍ ആരംഭിച്ചു. ചെറുതും വലുതുമായ പള്ളികളും അമ്പലങ്ങളും സുരക്ഷിതമാക്കി ഉണ്ടാക്കിയ പുതിയ കണക്കനുസരിച്ചാണ് അളന്നു കല്ലിടുന്നത്. ഇതോടെ കൂടുതല്‍ കുടുംബങ്ങള്‍ കുടിയിറക്കപ്പെടും.
ഇന്ന് രാവിലെ ഒമ്പതോടെ വൻ പൊലീസ് സുരക്ഷാ സന്നാഹത്തോടെ ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടർ ഐ. പാർവതി ദേവിയുടെ നേതൃത്വത്തിലാണ് അളവെടുപ്പ് ആരംഭിച്ചത്. വിവരമറിഞ്ഞ് വീടും സ്ഥലവും തൊഴിലും നഷ്ടപ്പെടുന്നവരുള്‍പ്പെടെ നാട്ടുകാര്‍ പ്രതിഷേധവുമായി തടിച്ചുകൂടി. ജനങ്ങളുടെ പരാതിയും പ്രതിഷേധവും വകവെക്കാതെയാണ് മധ്യരേഖ അടയാളപ്പെടുത്തി കല്ലിടൽ ആരംഭിച്ചത്. ഇരകളുമായുള്ള വാക്ക് തർക്കം തുടക്കത്തിൽ ഏറെ നേരം സംഘർഷാവസ്ഥയുണ്ടാക്കി.
ഭൂമിയ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ പരാതികൾക്കും ആക്ഷേപങ്ങൾക്കും മറുപടിയൊ പ്രതികരണമോ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെയും ഉണ്ടായിട്ടില്ലെന്നിരിക്കെയാണ് അളവെടുപ്പ് നടത്തി കല്ലിടുന്നത്. ഭൂമിയും വീടും നഷ്ടപ്പെട്ട് പെരുവഴിയിലേക്കിറങ്ങുന്ന ഇരകളെ എവിടെ പുനരധിവസിപ്പിക്കുമെന്ന് നാട്ടുകാർ ചേദിച്ചു. എന്നാല്‍ അലൈൻമെൻറിനെ സംബന്ധിച്ച കാര്യങ്ങൾ തന്‍റെ പരിധിയിലല്ലെന്നും ദേശീയ പാത അധികൃതരോടാണ് വിശദീകരണം തേടേണ്ടതെന്നും അലൈൻമെൻറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുന്നത് അവരാണെന്നും ഡപ്യൂട്ടി കളക്ടർ പറഞ്ഞു. 2009 മുതൽ വന്ന എല്ലാ അലൈൻമെൻറ് മാറ്റങ്ങളും സർക്കാർ തലത്തിൽ ജനപ്രതിനിധികളുമായി ചർച്ച ചെയ്താണ് തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി. നാട്ടുകാരുടെ പരാതി ദേശീ പാത അധികൃതരെ അറിയിക്കും. നേരത്തെ നൽകിയ പരാതികളും ആക്ഷേപങ്ങളും അവരെ അറിയിച്ചിട്ടുണ്ട്. അളവുകൾ സംബന്ധമായോ, നഷ്ടപരിഹാരത്തെക്കുറിച്ചോ എന്ത് പരാതി ഉന്നയിച്ചാലും അവക്കുള്ള പരിഹാരത്തിനു ശ്രമിക്കാമെന്നും ഡപ്യൂട്ടി കളക്ടർ ഉറപ്പു നൽകി.
കുന്നംകുളം എ.സി.പി. ടി.എസ്. ഷിനോജ്, ചാവക്കാട് സി.ഐ ജി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ മേഖലയിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ജില്ലാ സായുധസേന വിഭാഗത്തിൽ നിന്നുമായി നൂറോളം പൊലീസുകാരും സ്ഥലത്തെത്തിയിരുന്നു. സ്പെഷ്യൽ താഹസിൽ ദാർമാരായ വി.ജെ. ഷംസുദ്ദീൻ, ലിറ്റി തോമസ്, സുരേഷ്, ദേശീയ പാത ലൈസൻ ഓഫീസർമാരായ എ.കെ. വാസുദേവൻ, പി.കെ. നളന്‍ എന്നിവരുൾപ്പടെ വിവിധ വകുപ്പുകളിൽ നിന്നായി 75 ഓളം ഉദ്യോഗസ്ഥൻമാരും അളവെടുപ്പിൽ പങ്കെടുത്തു. വൈകുന്നേരം 4.45 വരെ നടന്ന അളവെടുപ്പിൽ രണ്ട് കിലോമീറ്ററോളം ദൂരം പിന്നിട്ടു. അളവെടുപ്പ് തുടരും.