ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ ആധുനിക പ്രസവ ശുശ്രൂഷ സമുച്ചയത്തിന്‍റെ ഉദ്ഘാടനം ശനിയാഴ്ച. ഗര്‍ഭിണികള്‍ക്ക് വേണ്ടിയുളള പ്രത്യേക വാര്‍ഡ്, പ്രസവ ശുശ്രൂഷ വാര്‍ഡ്, ശീതീകരിച്ച പ്രസവ മുറി, മികച്ച സൗകര്യങ്ങളോടുകൂടിയ നവജാത ശിശുപരിചരണ യൂണിറ്റ്, ശീതീകരിച്ച ഓപ്പറേഷന്‍ തിയറ്റര്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് എന്നീ ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രസവ ശുശ്രൂഷ സമുച്ചയമാണ് സജ്ജമാക്കിയിരിക്കുന്നത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷനാവും. ആരോഗ്യ വകുപ്പ് അനുവദിച്ച 2.46 കോടി രൂപ ഉപയോഗിച്ചാണ് സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍. കെ. അക്ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രസവ ശുശ്രൂഷ സമുച്ചയം വരുന്നതോടെ തീരദേശ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടന്നിരുന്ന താലൂക്ക് ആശുപത്രി എന്ന ഖ്യാതി ഉണ്ടായിരുന്ന ചാവക്കാട് താലൂക്ക് ആശുപത്രിയുടെ വികസനത്തില്‍ പുതിയ കാല്‍വെപ്പാകും. സമുച്ചയത്തിനാവശ്യമായ ശീതീകരണ സംവിധാനങ്ങളും അനുബന്ധ ഉപകരണങ്ങളും ചാവക്കാട് നഗരസഭയുടെ 2018-19 വര്‍ഷത്തെ പദ്ധതി തുക വിനിയോഗിച്ചാണ് സജ്ജമാക്കിയിരിക്കുന്നത്. വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.സി. ആനന്ദന്‍, സബൂറ ബക്കര്‍, താലൂക് ആശുപത്രി സൂപ്രണ്ട് ആര്‍. രമ്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.വി. അജയ് കുമാര്‍, എ.എച്ച് അക്ബര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.