.ഗുരുവായര്‍ : ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണെന്ന് വിദ്യഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ചാവക്കാട് ഗവമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അക്കാഡമിക് മികവ് അന്താരാഷ്ടതലത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ ഹൈടെക് ആക്കി മാറ്റുന്നത്. ഈ സംവിധാന പ്രകാരം എല്ലാ ക്ലാസുകളിലും കംപ്യൂട്ടറും, നെറ്റ് കണക്ഷനും, എല്‍.സി.ഡിയും, മറ്റു സ്‌കൂളുകളുമായി ബന്ധിപ്പിക്കുന്ന സംവിധാനവും ഉണ്ടാകും. മൂന്നു വര്‍ഷത്തിനുള്ളിനുള്ളില്‍ കേരളത്തിലെ വിദ്യഭ്യാസ രീതി ഹൈടെക് ആവും. ഇതിന്റെ ആദ്യപടിയൊന്നോണം അടുത്തവര്‍ഷം മാര്‍ച്ച് 31ന് മുമ്പ് ചാവക്കാട് ഗവമെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹൈടെക് ആക്കി മാറ്റും. ആദ്യ ഘട്ടത്തില്‍ എട്ട് മുതല്‍ 12 വരെയും പിന്നീട് പൂര്‍ണ്ണമായും ഹൈടെക്ക് ആക്കും. ഏത് പാവപ്പെട്ടവന്റെ കുട്ടികള്‍ക്കും ഹൈടെക് വിദ്യഭ്യാസം നേടാനാവുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ ശാക്തീകരണത്തിനായി ഒരു കോടി രൂപയും ചാവക്കാട് സ്‌കൂളിന് മന്ത്രി പ്രഖ്യാപിച്ചു. സ്‌കൂളിലെ പഴയ കെട്ടിടം നില നിറുത്തികൊണ്ടാവണം പുതിയ കെട്ടിടം പണിയേണ്ടതെുന്നും മന്ത്രി അഭിപ്രായപ്പെട്ടു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നൂറു മരം നട്ട് പിടിപ്പിക്കുതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ പ്രൊഫ.പി.കെ.ശാന്തകുമാരി, ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, പ്രിന്‍സിപ്പല്‍ വി.എസ്. ബീന, സ്ഥിരം സമിതി അധ്യക്ഷന്മാരായ നിര്‍മല കേരളന്‍, സുരേഷ് വാര്യര്‍, എം. രതി, ഷൈലജ ദേവന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ആര്‍.വി.ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു. നേരത്തെ പടിഞ്ഞാറെ നടയില്‍ നിന്ന് വര്‍ണ്ണശബളമായ ഘോഷയാത്രയും ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഷോര്ട്ട് ഫിലിം പ്രദര്‍ശനം, വെബ്‌സൈറ്റ് പ്രകാശനം, കലാപരിപാടികള്‍ എന്നിവയും നടന്നു.