Header

നവകേരള സദസ്സ് 4 ന് ചാവക്കാട് – പതിനായിരത്തിലധികം പേർ പങ്കെടുക്കും, ഗുരുവായൂർ മണ്ഡലത്തിൽ ഒരുക്കങ്ങൾ തകൃതി

ചാവക്കാട് :  ഡിസംബർ 4 ന് വൈകീട്ട് 6 മണിക്ക് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടക്കുന്ന നവകേരള സദസ്സിനായി ഒരുക്കങ്ങൾ തകൃതി. കൂട്ടുങ്ങൽ ചത്വരത്തിൽ പന്തൽ, സ്റ്റേജ് നിർമ്മാണം പുരോഗമിക്കുന്നു. പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന ചാവക്കാട് മുതുവട്ടൂർ റോഡ് ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച് ഗതാഗതം സുഗമമാക്കി. ഗുരുവായൂർ മണ്ഡലത്തിലെ ഇരുപത് കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിക്കും. ബൂത്ത് തലങ്ങളിൽ വിളംബര ജാഥ നടത്തും. 

നവ കേരള സദസ്സിൽ പൊതുജനങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്ന് എൻ കെ അക്ബർ എം എൽ എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നവകേരള സദസ്സിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും ഡിസംബർ 4ന് രാവിലെ 10 മുതൽ 5 .30  വരെ ചാവക്കാട് ബസ് സ്റ്റാൻഡ് കാത്തിരിപ്പ് കേന്ദ്രത്തിൽ തയ്യാറാക്കിയ 20 കൗണ്ടറുകളിൽ  നൽകാം. സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ ഉണ്ടായിരിക്കും. മുഖ്യമന്ത്രിയുടെ പൊതുയോഗത്തിനു ശേഷവും പരാതികളും അപേക്ഷകളും സ്വീകരിക്കും. ഗുരുവായൂർ മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ചരിത്രം ഉൾക്കൊള്ളിച്ച് നവം എന്ന പേരിൽ സുവനീർ പ്രകാശനം ചെയ്യും. സർക്കാരിന്റെയും ഗുരുവായൂർ മണ്ഡലത്തിന്റെയും വികസനങ്ങൾ ഉൾപ്പെടുത്തി ചിത്ര പ്രദർശനം ഡിസംബർ 2 ന് വൈകീട്ട് 5 മുതൽ ഉണ്ടായിരിക്കും. ഗുരുവായൂരിന്റെ വികസനങ്ങളുടെ നേർക്കാഴ്ച ഉൾപ്പെടുത്തിയ ഡോക്യുമെന്ററി  നവം പ്രദർശനവും ഉണ്ടായിരിക്കും. ഡിസംബർ 4 ന് വൈകീട്ട് 4 മണി മുതൽ ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ പഞ്ചവാദ്യം മാപ്പിളപ്പാട്ട്, എന്നീ കലാപരിപാടികളും  പൊതുയോഗത്തിനുശേഷം രാജേഷ് ചേർത്തലയുടെ ഫ്ലൂട്ട് ഫ്യൂഷനും ഉണ്ടായിരിക്കും.

ഡിസംബർ നാലിനു രാവിലെ കിലയിൽ നടക്കുന്ന മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കാനുള്ള പരിപാടിയിൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത നാല്പതുപേർ പങ്കെടുക്കും. നവകേരള സദസ്സിൽ പതിനായിരത്തിലധികം പേർ  പങ്കെടുക്കും.  കൂട്ടുങ്ങൽ ചത്വരത്തിനു പുറമെ ബസ്സ്റ്റാണ്ടും നവകേരള സദസ്സിന് വേണ്ടി ഉപയോഗപ്പെടുത്തും.  ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, പഞ്ചായത്ത് പ്രസിഡന്റ്മാരായ, വിജിത സന്തോഷ്, ഗീതു കണ്ണൻ, ചാവക്കാട് നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക്, എഇഒ കെ ആർ രവീന്ദ്രൻ എന്നിവർ ചാവക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്ന വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.

thahani steels

Comments are closed.