ഗുരുവായൂര്‍ : പതിനഞ്ച് ദിവസങ്ങളിലായി നടക്കു ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിന് ഇത്തവണ ശില്‍പ ചാരുത. കര്‍ണ്ണാടക സംഗീത പ്രേമികളുടെ കണ്ണും കാതുമെല്ലാം ഇനി ഈ മണ്ഡപത്തിലായിരിക്കും. പാരമ്പര്യ രീതിയിലെ കരിങ്കല്‍ ശില്പങ്ങളുടെ മാതൃകയിലാണ് ചെമ്പൈ സഗീതോത്സവ മണ്ഡപം ഒരുക്കിയിട്ടുള്ളത്. തെര്‍മോകോളിലാണ് ദക്ഷിണേന്ത്യന്‍ കളാസിക്കല്‍ ശില്പകല പ്രകടമാക്കിയിട്ടുള്ളത്. വീണ വായിക്കുന്ന മദനികയും മൃദംഗം വായിച്ച് നൃത്തം ചെയ്യുന്ന നൃത്തമദനികയും ദീപ കന്യകയുടെയുമൊക്കെ രൂപങ്ങളാണ് മണ്ഡപത്തില്‍ കൊത്തു പണി മാതൃകയില്‍ ഇടം നേടിയിട്ടുള്ളത്. വ്യാളി മുഖവും വാദ്യ മേള ഘോഷങ്ങളുടെ അകമ്പടിയുമാണ് മറ്റൊരു പ്രത്യേകത. ഗുരുവായൂര്‍ ദേവസ്വം ചുമര്‍ ചിത്ര പഠന കേന്ദ്രത്തിലെ പത്ത് വിദ്യാര്‍ത്ഥികള്‍  10 ദിവസമെടുത്താണ് മണ്ഡപം പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ വര്‍ഷം കൊണാര്‍ക്ക് സൂര്യക്ഷേത്ര മാതൃകയായിരുന്നു തയ്യാറാക്കിയിരുന്നത്.