ഗുരുവായൂര്‍ : സര്‍വ്വവും ഗുരുവായൂരപ്പന് സമര്‍പ്പിച്ച ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ ഗുരുപവനപുരി ഒരുങ്ങി. ഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണീ പൂജ. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സംഗീതോത്സവമാണ് ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം. പാടാന്‍ തുടങ്ങുവരും പാടി തികഞ്ഞവരുമടക്കം മുവായിരത്തോളം പേര്‍ സംഗീതാര്‍ച്ചന നടത്തും. തുടക്കകാര്‍ക്കും പ്രശസ്തരായവരാണ് പക്കമേളം ഒരുക്കുക എന്നത് സംഗീതോത്സവത്തിന്റെ പ്രത്യകതയാണ്. ശ്രീകോവിലില്‍ നിന്നുള്ള അഗ്നി സംഗീത മണ്ഡപത്തിലേക്ക് പകര്‍ന്നു നല്‍കുതോടെ കൃഷ്ണ നഗരിയിലെ 15 ദിനരാത്രങ്ങളിലും ശുദ്ധ സംഗീതത്തിന്റെ അലകളുയരും.
നഷ്‌പ്പെട്ട നാദം തിരിച്ചു തന്നത് ഇഷ്ടദേവനായ ഗുരുവായൂരപ്പനാണെന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വിശ്വാസമാണ് സംഗീതോത്സവത്തിന്റെ ആരംഭത്തിന് കാരണമായത്.
ഗുരുവായൂരപ്പന് മുന്നില്‍ സ്ഥിരമായി സംഗീതാര്‍ച്ചന നടത്തിയിരുന്ന ഭാഗവതര്‍ക്ക് ഒരിക്കല്‍ സംഗീതാര്‍ച്ചനക്കെത്തനായില്ല. കോഴിക്കോട് സാമൂതിരി രാജക്കു മുന്നില്‍ കച്ചേരി അവതരിപ്പിക്കേണ്ടി വന്നതിനാലാണ് ഭാഗവതര്‍ക്ക് ഗുരുവായൂരപ്പ സന്നിധിയില്‍ എത്താന്‍ കഴിയാതിരുന്നത്. ഈ സമയം ഭാഗവതര്‍ക്ക് ശബ്ദം നഷ്ടപ്പെട്ടു. ഇത് ഇഷ്ടദേവന്റെ അതൃപ്തിയുടെ ഫലമാണെന്ന് തിരിച്ചറിഞ്ഞ ഭാഗവതര്‍ ഓടിയെത്തി ഗുരുവായൂരപ്പന് മുന്നില്‍ സാഷ്ടാങ്കം പ്രണമിച്ചു. നഷ്ടപ്പെട്ട ശബ്ദം ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെന്ന് വൈദ്യലോകം വിധിയെഴുതിയ ഭാഗവതരുടെ കണ്ഠങ്ങളില്‍ നിന്ന് ഈ സമയം സ്വരമുയര്‍ന്നുവെന്നാണ് പറയുന്നത്. പിന്നീട് 1974 ല്‍ ഇഹലോക വാസം വെടിയുന്നത് വരെ ഭാഗവതര്‍ വര്‍ഷവും ഗുരുവായൂരപ്പന് മുന്നില്‍ സംഗീതാര്‍ച്ചന നടത്തുമായിരുന്നു. ഭാഗവതരുടെ കാല ശേഷം ശിഷ്യര്‍ ഈ പതിവ് തുടര്‍ന്നു. മൂന്ന് ദിവസത്തെ സംഗീതോസവം 1979 മുതല്‍ നാല് ദിവസമാക്കി ദീര്‍്ഘിപ്പിച്ചു. 1999 മുതലാണ് പതിനഞ്ചു ദിവസമാക്കിയത്. ആദ്യത്തെ പതിമൂന്നു വര്‍ഷം ഊട്ടുപുരയിലായിരുന്ന സംഗീതോത്സവം പിന്നീട് തന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ ദേവസ്വം നേരിട്ടാണ് സംഗീതോത്സവം നടത്തുന്നത്.

ഫോട്ടോ  : ചെമ്പൈയുടെ വസതിയില്‍ നിന്നും ഘോഷയാത്രയായി സംഗീത വേദിയിലേക്ക് എത്തിച്ച തംബുരു ദേവസ്വം അംഗങ്ങളും മന്ത്രിയും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു