ഗുരുവായൂര്‍ : ക്ഷേത്രങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പണമെടുക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചെമ്പൈ സംഗീതോസവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമായി വര്‍ഷം തോറും കോടികണക്കിന് രൂപയാണ് സര്‍ക്കാര്‍ ചിലവിടുന്നത്. ഭക്തരുടെയും വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുക എന്നത് മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ക്ഷേത്രങ്ങളുടെ വികസനത്തിന് വേണ്ടി ഖജനാവില്‍ നിന്ന്  കോടികള്‍ ചിലവാക്കുകയല്ലാതെ നയാ പൈസ കേരളത്തിലെ ഒരു ക്ഷേത്രങ്ങളില്‍ നിന്നും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. 1500 കോടി രൂപയുടെ ആസ്തിയുള്ള ഗുരുവായൂര്‍ ദേവസ്വം വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണത്തിന് വേണ്ടി സംഭാവന സ്വീകരിക്കേണ്ട ഗതികേടിലാണ്. നിക്ഷേപ പണം വികസനത്തിനായി ഉപയോഗിക്കുതിന് ചുവപ്പുനാടകളുണ്ട്. ഈ നാട മുറിച്ചു മാറ്റി ഈ പണം വികസനത്തിന് വേണ്ടി ചിലവഴിക്കാനാകണമെന്നും  മന്ത്രി പറഞ്ഞു.

ഫോട്ടോ : ഗുരുവായൂരില്‍  എത്തിയ ചെമ്പൈ ഗ്രാമത്തില്‍ നിന്നും കൊണ്ടുവന്ന തമ്പുരു മണ്ഡപത്തില്‍ സ്ഥാപിക്കുന്നതിന്  ഏറ്റുവാങ്ങുന്നു