2900 കിലോമീറ്റർ പിന്നിട്ട സി ഐ എസ് എഫ് സൈക്കിൾ റാലിക്ക് ചാവക്കാട് ബീച്ചിൽ ഊഷ്മള സ്വീകരണം

ചാവക്കാട് : സിഐഎസ്എഫ് (CENTRAL INDUSTRIAL SECURITY FORCE)ന്റെ 56-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച്, സുരക്ഷിത തീരം – സമൃദ്ധ ഇന്ത്യ എന്ന പ്രമേയവുമായി ഗുജറാത്ത്- കന്യാകുമാരി സൈക്കിൾ റാലിക്ക് ചാവക്കാട് ബീച്ചിൽ സ്വീകരണം നൽകി. ഡപ്യൂട്ടി കമാൻ്റണ്ട് അശോക നന്ദിനിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ ലാഖ് തുറമുഖത്ത് നിന്നും മാർച്ച് 7 ന് പുറപ്പെട്ട സൈക്കിൾ റാലി 2900 കിലോമീറ്റർ പിന്നിട്ടാണ് ചാവക്കാട് ബീച്ചിൽ എത്തിച്ചേർന്നത്. ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് നിന്നും ചാവക്കാട് സൈക്കിൾ ക്ലബ് പ്രതിനിധി മുനീർ സംഘത്തെ ചാവക്കാട്ടേക്ക് ആനയിച്ചു.

കോസ്റ്റൽ പോലീസ്, കടലോര ജാഗ്രത സമിതി, ബീച്ച് ലവേഴ്‌സ്, മത്സ്യത്തൊഴിലാളികളുടെ വിവിധ യൂണിറ്റുകൾ എന്നിവരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പാടിയോടെയും ഹാരമണിയിച്ചും ചാവക്കാട് ബീച്ചിൽ സംഘത്തെ സ്വീകരിച്ചു.
സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 125 പേരെടുങ്ങുന്ന രണ്ടു സി ഐ എസ് എഫ് സംഘങ്ങളാണ് മാർച്ച് ഏഴിനു ഗുജറാത്തിൽ നിന്നും ബംഗാളിൽ നിന്നുമായി പുറപ്പെട്ടത്. ബംഗാളിൽ നിന്നും പുറപ്പെട്ട സംഘം കിഴക്കൻ തീരത്ത് കൂടെ സഞ്ചരിച്ച് മാർച്ച് 31 ന് കന്യാകുമാരിയിൽ എത്തുമ്പോൾ ഗുജറാത്തിൽ നിന്നും പുറപ്പെട്ട സംഘം പടിഞ്ഞാറൻ തീരം വഴി കന്യാകുമാരിയിൽ എത്തും.
സംഘത്തിലെ 25 പേര് വീതം ഊഴമനുസരിച്ച് മാറി മാറിയാണ് സൈക്കിൾ ചവിട്ടുന്നത്. ട്രക്കുകളും വാനുകളും സഹായത്തിനായി കൂടെ അനുഗമിക്കുന്നുണ്ട്.
ദേശസുരക്ഷ, തീരസുരക്ഷ, കള്ളക്കടത്ത്, മയക്കുമരുന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്തുന്നത് തടയാനുള്ള പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും യാത്രയുടെ ലക്ഷ്യമാണ്. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ, മെട്രോ സ്റ്റേഷനുകൾ, ആണവ നിലയങ്ങൾ തുടങ്ങിയവയ്ക്ക് സംരക്ഷണം നൽകുന്നത് സിഐഎസ്എ ആണ്.
ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ കെ മുബാറക്ക്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, വാർഡ് മെംബർ പി കെ കബീർ, റിട്ട. ബ്രിഗേഡിയർ സുബ്രമ്മണ്യൻ, ബീച്ച് ലവേഴ്‌സ് നൗഷാദ് തെക്കുംപുറം, വാർഡ് മെമ്പർ സുമ, കോസ്റ്റൽ സി ഐ ടി പി ഫർഷാദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബീച്ച് ലവേഴ്സ് അംഗങ്ങളായ ഉമ്മർ കരിപ്പായിൽ, കെ വി ഷാനവാസ്, എ പി ഖലീൽ, ഷാഫി സുബ്ഹാൻ, ഷറഫുദ്ദീൻ, ഷാജഹാൻ ഫോർ യു, ഷാജി ചീരാടത്ത്, സലാം മുതുവട്ടൂർ, ഹുസൈൻ, അക്ബർ, കിരൺ, മിഥുൻ രാജ്, സുധീർ പുന്ന എന്നിർ നേതൃത്വം നൽകി.

Comments are closed.