Header

തീരദേശ ഹൈവേ വികസനക്കുതിപ്പ് – പ്രതീക്ഷയും ആശങ്കയും

ചാവക്കാട് : ചാവക്കാട് നഗരസഭ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം വില്ലെജുകളുടെ തീരമേഖലയിൽ നടക്കുന്ന ലാൻഡ് സർവേ ജനങ്ങളിൽ പ്രതീക്ഷയും ആശങ്കയും ഉയർത്തുന്നു. തീരദേശ ഹൈവേയുടെ ആവശ്യാർഥമാണ് സർവേ എന്നാണ് ഭൂമി അളക്കാൻ എത്തിയവർ പറയുന്നത്.

ഒന്നാം പിണറായി സർക്കാറിന്റെ സ്വപ്ന പദ്ധതികളിലെ രണ്ടാം പദ്ധതി യാണ് തീരദേശ ഹൈവേ. 2017 ൽ പ്രഖ്യാപിക്കുകയും 2018 ൽ പ്രവർത്തികൾ ആരംഭിച്ച് 2020 ൽ പൂർത്തിയാകേണ്ടിയിരുന്ന തീരദേശ ഹൈവേ പ്രളയവും കൊറോണയും മൂലം പാതിവഴിയിൽ നിൽക്കുകയായിരുന്നു. രണ്ടാം പിണറായി സർക്കാറിന്റെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി റിയാസ് കഴിഞ്ഞ മാസം 23 ന് ഞായറാഴ്ച ജില്ലാ കളക്ടർമാർ ഉൾപ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും തീരദേശ ഹൈവേ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ദേശീയ പാതയിലെ തിരക്ക് ഒഴിവാക്കുക
പ്രധാന തുറമുഖങ്ങളെയും മത്സ്യബന്ധന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് തീരദേശ മേഖലയുടെ വികസനവും ടൂറിസം സാധ്യതകൾ വർദ്ദിപ്പിക്കുകയും ചരക്ക് ഗതാഗതം സുഖമമാക്കുകയുമാണ് തീരദേശ ഹൈവേയുടെ ലക്ഷ്യം.

വാഹനഗതാഗതത്തിനു ഏഴു മീറ്ററിൽ രണ്ടു വരിപ്പാതയും കൂടാതെ ഒന്നര മീറ്ററിൽ സൈക്കിൾ ട്രാക്കും ഇരു വശങ്ങളിലുമായി നടപ്പാതയും ഉൾപ്പെടുത്തി 14 മുതൽ 15.6 മീറ്റർ വീതിയിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് ഹൈവേ നിർമ്മാണം.
തിരുവനന്തപുരം പൂവാർ മുതൽ കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാട് വരെ 623 കിലോമീറ്ററാണ് തീരദേശ ഹൈവേ.
തൃശൂർ ജില്ലയിൽ ഹൈവേ 59.9 കിലോമീറ്ററും മലപ്പുറം 69.7കിലോ മീറ്ററുമായിരിക്കും.

റോഡ് അലൈൻമെന്റ് അനുസരിച്ച് തൃശൂർ, മലപ്പുറം ജില്ലയിലൂടെയു തീരദേശ ഹൈവേ കടന്നു പോകുന്നത് ഇങ്ങനെ:- അഴീക്കോട്‌, നാലുമാക്കൽ, കാര, തട്ടുകടവ് ബീച്ച്, ദുബായ് റോഡ്, കവല, സ്നേഹ തീരം, വാടാനപ്പിള്ളി ബീച്ച്, ഫിഷിങ് ഹാർബർ, അഞ്ചാം കല്ല്, മുനക്കടവ് ബീച്ച്, അഞ്ചങ്ങാടി കടപ്പുറം, സിങ്കപ്പൂർ പാലസ് ബീച്ച്, പൊന്നാനി ഓൾഡ് എൻ എച്ച് കവല, ഹാർബർ ഗേറ്റ്, പടിഞ്ഞാറേക്കര, കൂട്ടായി…

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും റോഡ് നിർമ്മാണം. ബിറ്റുമിനോടൊപ്പം പ്ലാസ്റ്റിക്, റബർ, കയർ ഭൂവസ്ത്രം, കോൺക്രീറ്റ് തുടങ്ങിയ ഉപയോഗിക്കും.
മത്‍സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ഫ്ലൈഓവർ നിർമ്മിക്കും.

തീരദേശ ഹൈവേ വരുന്നതോടെ സ്ഥലത്തിന് വില കൂടുമെന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് പൊന്നും വില ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് നാട്ടുകാർ. ദേശീയപാതക്കു വേണ്ടി സ്ഥലം ഏറ്റെടുത്തപ്പോൾ നൽകിയ വലിയ തുകയാണ് സ്ഥലമുടമകളുടെ സന്തോഷത്തിനു കാരണം. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു അറിയിപ്പോ ഉറപ്പോ ലഭിച്ചിട്ടില്ല എന്നത് ആശങ്കയും ഉണ്ടാക്കുന്നുണ്ട്.

തീരദേശ ഹൈവേ മേഖലയിൽ വികസനക്കുത്തിപ്പ് ഉണ്ടാക്കും എന്നതിൽ സംശയമില്ല. ഹൈവേ പ്രോജക്റ്റുമായി ബന്ധപ്പെട്ട് സാറ്റലൈറ്റ് സർവ്വേ നടക്കുകയും റോഡ് റീ അലൈൻമെന്റ് ചെയ്ത് അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.
തീരദേശ മേഖല ഉൾപ്പെടുന്ന താലൂക്ക് ഓഫീസുകളിലോ വില്ലേജ് ഓഫീസുകളിലോ ജില്ലാ കളക്ടർ ഓഫീസിൽ നിന്നോ മറ്റു സർക്കാർ സംവിധാനങ്ങളിൽ നിന്നോ സർവ്വേയുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും ഇതുവരെ ഉണ്ടായിട്ടില്ല.
എന്നാൽ ഇപ്പോൾ നടക്കുന്ന സർവ്വേ സ്വകാര്യ കമ്പനിയുടേതാണ്. കമ്പനി ഈ ഡേറ്റകൾ എന്താവശ്യത്തിനാണ് ഉപയോഗിക്കുന്നത് എന്ന് വ്യക്തമല്ല.

ഷക്കീൽ എം വി

Comments are closed.